കോട്ടയം : ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്. എച്ച്. ഓ മാരെയും ഉൾപ്പെടുത്തി സ്പെഷ്യൽ ഡ്രൈവ് നടത്തി. കോട്ടയം ജില്ലയിൽ 380 ഇടങ്ങളിലായി നടത്തിയ റെയിഡിൽ44 പേരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ ഇവരിൽ നിന്നും 317 ഓളം ഹാൻസ് പായ്ക്കറ്റുകളും 106പാൻ മസാല പായ്ക്കറ്റുകളും മറ്റ് നിരവധി പുകയില ഉൽപ്പന്നങ്ങളും പിടികൂടി.
സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമെത്തി വിദ്യര്‍ത്ഥികള്‍ക്ക് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കും. സ്കൂൾ, കോളേജുകളുടെ പരിധിയിൽ ഉള്‍പ്പെടുന്ന കടകളില്‍ ലഹരി വില്പന നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിനായി പ്രത്യേകം മഫ്തിയിൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.