കോട്ടയം: പത്താംക്ലാസ് പരീക്ഷ കഴിയുന്ന ദിവസം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് മറിയപ്പള്ളി സ്കൂളിനു സമീപം എത്തിയ മൂന്നു യുവാക്കളെ ചിങ്ങവനം പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. പരീക്ഷയ്ക്ക് ശേഷം എംസി റോഡിൽ തമ്പടിച്ച് സംഘർഷത്തിന് ശ്രമിച്ച വിദ്യാർത്ഥികളെയും പൊലീസ് സംഘം വിരട്ടിയോടിച്ചു. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആരംഭിച്ച സംഘർഷങ്ങളാണ് വീണ്ടും മറിയപ്പള്ളി പ്രദേശത്തേയ്ക്ക് വരെ വ്യാപിച്ചത്.
ഇന്നലെ കോട്ടയം കാരാപ്പുഴ എൻ.എസ്.എസ് സ്കൂളിനു മുന്നിലും ഇതേ കുട്ടികളുടെ സംഘം സംഘർഷം ലക്ഷ്യമിട്ട് എത്തിയിരുന്നു. ഇവിടെ നിന്നും മാതാപിതാക്കളും എക്സൈസ് സംഘവും എത്തിയാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസത്തേതിനു സമാനമായ അന്തരീക്ഷമാണ് ഇന്ന് മറിയപ്പള്ളിയിലും ഉണ്ടായത്. സ്കൂളിനു മുന്നിൽ കുട്ടികൾ തമ്പടിച്ച് നിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെമ്പാടും സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പൊലീസും മറിയപ്പള്ളിയിലെ സ്കൂളിനു മുന്നിലെത്തിയത്. തുടർന്ന്, സ്കൂളിൽ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് സ്കൂളിൽ പഠിക്കുന്നില്ലാത്ത കുറച്ച് യുവാക്കൾ പ്രദേശത്ത് തമ്പടിച്ചതായി കണ്ടെത്തിയത്. ഇവരിൽ ചിലർ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘർഷമുണ്ടാക്കിയവരാണെന്നും പൊലീസ് കണ്ടെത്തി. തുടർന്ന്, ഈ സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു.
ഇതോടെ മറ്റുള്ളവർ ഓടി രക്ഷപെട്ടു. ബസ് സ്റ്റോപ്പിലും സ്കൂളിന്റെ പരിസരങ്ങളിലും സംഘർഷത്തിനായി തമ്പടിച്ച വിദ്യാർത്ഥികളെയും പൊലീസ് സംഘം പറഞ്ഞയച്ചു. ചിങ്ങവനം പൊലീസ് നടത്തിയ കൃത്യമായ ഇടപെടലിനെ തുടർന്നാണ് പ്രദേശത്ത് വൻ സംഘർഷം ഒഴിവായത്. സംഘർഷം ഒഴിവായതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കളും പ്രദേശവാസികളും.