കോട്ടയം: കുറിച്ചിയിൽ നാട്ടുകാർക്ക് ശല്യമായി കൂടോത്രവും മന്ത്രവാദവും..! നാട്ടുകാർ പൊറുതിമുട്ടിയതോടെ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. കുറിച്ചി എണ്ണയ്ക്കാച്ചിറയിൽ സ്വകാര്യ വ്യക്തിയാണ് മകന്റെ ശവമടക്കിയ സ്ഥലത്തിനു മുകളിൽ ക്ഷേത്രം നിർമ്മിച്ച് കൂടോത്രവും മന്ത്രവാദവും നടത്തുന്നതെന്നാണ് നാട്ടുകാർ പരാതി. നാട്ടുകാർ ജില്ലാ കളക്ടർക്കും ചിങ്ങവനം പൊലീസിലും അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
എണ്ണയ്ക്കാച്ചിറയിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് സ്വകാര്യ വ്യക്തി നാട്ടുകാർക്ക് ശല്യമായി ക്ഷേത്രം നിർമ്മിച്ച് പൂജയും മന്ത്രവാദവും നടത്തുന്നത്. 2015 ലാണ് ഇദ്ദേഹത്തിന്റെ മകൻ ആലപ്പുഴയിലുണ്ടായ അപകടത്തിൽ മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന് അപകട നഷ്ടപരിഹാരമായി കോടതിയിൽ നിന്നും തുക അനുവദിച്ചു കിട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം മകന്റെ ശവകുടീരത്തിനു മുകളിലായി ക്ഷേത്രം നിർമ്മിച്ച് പൂജയും മന്ത്രവാദവും ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിരവധി ആളുകൾ എത്തുകയും, പൂജയും മന്ത്രവാദ പ്രവർത്തനങ്ങളും ശക്തമാകുകയും ചെയ്തു. ഇതിനിടെ ഇദ്ദേഹത്തിന്റെ വീടിന് പിന്നിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേയ്ക്കു വഴി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും തുടർന്ന് കോടതി വഴി ഇവർ അനൂകുല വിധി സമ്പാദിച്ച് വഴി വെട്ടുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങളുടെ പിൻതുണയോടെയാണ് ഇവിടെ വഴി വെട്ടിയത്. തുടർന്ന് നാട്ടുകാർക്കെതിരെ സ്ഥലം ഉടമ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേച്ചൊല്ലി രണ്ടു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ഇദ്ദേഹം പ്രദേശത്തെ വീടുകളിൽ ശല്യവുമായി എത്തിയത്. രാത്രി കാലങ്ങളിൽ വീട്ടുമുറ്റത്ത് മുട്ടയും, ചെമ്പരത്തിപ്പൂവും, ചെത്തിപ്പൂവും കോഴിത്തലയും അടക്കമുള്ള സാധനങ്ങൾ മന്ത്രവാദവും, കൂടോത്രവും എന്ന പേരിൽ തള്ളുകയാണെന്നാണ് പരാതി. ഇത് കൂടാതെ പ്രദേശത്തെ പെൺകുട്ടികളെ പണം നൽകി വിവാഹം ചെയ്യാൻ ക്ഷണിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ ജില്ലാ കള്ക്ടർക്കും ചിങ്ങവനം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയതിന് പിന്നാലെ ക്ഷേത്രം നിർമ്മിച്ച ആളുകൾ നാട്ടുകാർക്കെതിരെയുള്ള ശല്യം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.