കോട്ടയം: ഒരൊറ്റ മഴയിൽ വെള്ളത്തിൽ മുങ്ങുന്ന കാരാപ്പുഴ പാറപ്പാടം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും ഉത്സവം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പണം എടുത്തില്ല. കനത്ത മഴയിൽ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ കാണിക്കവഞ്ചികളിലുണ്ടായിരുന്ന പതിനായിരക്കണക്കിന് രൂപ നനഞ്ഞു പോയി. ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിലെ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർക്ക് എതിരെ കടുത്ത വിമർശനവും പരാതിയും ശക്തമാകുന്നു.
രണ്ടു മാസം മുൻപ് കനത്ത വേനൽക്കാലത്താണ് പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവം നടന്നത്. സാധാരണ ഗതിയിൽ ഉത്സവം നടന്ന് ദിവസങ്ങൾക്കകം തന്നെ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് രീതി. എന്നാൽ, ഇക്കുറി ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ അസിസ്റ്റന്റ് കമ്മിഷണർ ക്ഷേത്രത്തിലേയ്ക്കു തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ഇത് കൂടാതെ ഇവർക്ക് കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് സംബന്ധിച്ചു ജീവനക്കാർ അറിയിപ്പു നൽകിയിട്ടും ഇവർ ക്ഷേത്രത്തിലേയ്ക്ക് തിരിഞ്ഞ് പോലും നോക്കിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴ തുടങ്ങിയപ്പോൾ തന്നെ ക്ഷേത്രം ജീവനക്കാർ വെള്ളപ്പൊക്കം സംബന്ധിച്ചു ക്ഷേത്രം അസിസ്റ്റന്റ് കമ്മിഷണർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, എന്നിട്ടും ഇവർ കാണിക്കവഞ്ചി എണ്ണിത്തിട്ടപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് ജൂൺ ആദ്യ വാരം പെയ്ത കനത്ത മഴയിൽ ക്ഷേത്രം മുഴുവൻ വെള്ളത്തിൽ മുങ്ങി. ഇതോടൊപ്പം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വെള്ളത്തിനടിയിലായി. ഈ വെള്ളപ്പൊക്കത്തിലാണ് കാണിക്കവഞ്ചിയ്ക്കുള്ളിലെ പണം പൂർണമായും നനഞ്ഞത്.
ഉത്സവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷം ഇന്നാണ് കാണിക്കവഞ്ചി തുറക്കാൻ ക്ഷേത്രം അസിസ്റ്റന്റ് കമ്മിഷണർ എത്തിയത്. തുടർന്ന് കാണിക്കവഞ്ചി തുറന്നപ്പോഴാണ് വെള്ളവും ചെളിയും നിറഞ്ഞ നിലയിൽ നോട്ടുകൾ ലഭിച്ചത്. പതിനായിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ചെളിയിൽ മുങ്ങിയത്. ക്ഷേത്രത്തിനുള്ളിൽ പായ വിരിച്ച് ജീവനക്കാർ ചേർന്ന് നോട്ടുകൾ ഉണക്കുകയാണ്. ഈ നോട്ട് ഉണക്കിയ ശേഷം എണ്ണിത്തിട്ടപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നോട്ടിൽ ചെളി പുരണ്ടിരിക്കുന്നതിനാൽ എണ്ണൽ സങ്കീർണമാകും. ഏതായാലും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നിരുത്തരവാദ പരമായ പ്രവർത്തനം മൂലം ക്ഷേത്രത്തിനും ഭക്തർക്കുമാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്.