കോട്ടയം: കെ.കെ റോഡിൽ പള്ളിക്കത്തോട് പതിനെട്ടാം മൈലിൽ സ്വകാര്യ ബസിനെ അമിത വേഗത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഓവർടേക്ക് ചെയ്ത സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാനും, രണ്ടു പേരെയും ഐഡിടിആറിൽ പരിശീലനത്തിന് അയക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിരുന്ന മണിമല ഡിപ്പോയിലെ ഡ്രൈവർ എ.ജി രാജേഷ്‌കുമാർ, മാറാനാത്ത ബസ് ഡ്രൈവർ കോരുത്തോട് സ്വദേശി സി.ആർ സിബി എന്നിവർക്കെതിരെയാണ് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സി.ശ്യാം നടപടിയെടുത്തത്.
കഴിഞ്ഞ 28 നായിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് ആറുമണിയോടുകൂടി സ്വകാര്യ ബസ് പതിനെട്ടാം മൈലിൽ വണ്ടി നിർത്തി വണ്ടിയിൽ നിന്ന് യുവതി ഡോർ തുറന്ന് ഇറങ്ങിയ സമയമാണ് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി സ്വകാര്യ ബസ്സിന്റെ ഇടതു സൈഡിൽ കൂടി അപകടകരമായ രീതിയിൽ കടന്നുപോയത്. കെഎസ്ആർടിസി ബസ്സിന്റെ മരണപ്പാച്ചിൽ കണ്ട് സ്വകാര്യ ബസിന്റെ ഡോറിനോട് ചേർന്ന് നിന്നതുകൊണ്ട് മാത്രമാണ് വൻ അപകടത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത്. സംഭവം സമീപത്തെ പെട്രോൾ പമ്പിന്റെ സിസിടിവിയിൽ നിന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ബസ് ഡ്രൈവർമാരും കുറ്റക്കാരാണ് എന്നു കണ്ടെത്തിയത്. തുടർന്നാണ് രണ്ട് ബസ് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ തീരുമാനം ആയത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ഡ്രൈവർമാരുടെയും ലൈസൻസ് മൂന്നു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യും. ഇത് കൂടാതെ രണ്ടു ഡ്രൈവർമാരെയും പത്തു ദിവസത്തേയ്ക്ക് ഡ്രൈവിംങ് പരിശീലനത്തിനായി അയക്കാനും തീരുമാനമായി. പത്തു ദിവസം ഡ്രൈവിംങ് പരിശീലനവും, പത്തു ദിവസം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആളുകളെ ശുശ്രൂഷിക്കാനും, ആശുപത്രി ശുചീകരിക്കാനുമാണ് അയക്കുക.