പനച്ചിക്കാട് കല്ലുങ്കൽക്കടവിലെ അപകടം; മരിച്ചത് പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുടെ ഭർത്താവ്; അപകടം നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന്

കോട്ടയം: പനച്ചിക്കാട് പാറയ്ക്കൽക്കടവ് കല്ലുങ്കൽക്കടവിൽ പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുടെ ഭർത്താവിന്റെ മരണത്തിനിടയായ അപകടമുണ്ടായത് കാർ നിയന്ത്രണം വിട്ട വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന്. പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയമധുസൂധനന്റെ ഭർത്താവ് ചാന്നാനിക്കാട് പുളിവേലിൽ മധുസൂധനൻ നായരാ(60)ണ് അപകടത്തിൽ മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം മരിച്ച പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് കോട്ടയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ സിബി ജോണിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു മധുസൂധനൻ നായർ. ഈ സമയത്താണ് കൊല്ലാട് പാറയ്ക്കൽക്കടവ് – പരുത്തുംപാറ റോഡിൽ കല്ലുങ്കൽക്കടവ് ഭാഗത്ത് അപകടം ഉണ്ടായത്. പരുത്തുംപാറ സ്വദേശിയായ ആൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലും പിന്നീട് മധുസൂധനൻ സഞ്ചരിച്ച ബൈക്കിലും ഇടിച്ചത്. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും എത്തിയ കാർ, കല്ലുങ്കൽക്കടവിലേയ്ക്ക് കടക്കുന്നതിനിടെ റോഡിലേയ്ക്ക് അപ്രതീക്ഷിതമായി ഹോളോബ്രിക്‌സുമായി ലോറി എത്തി. ഈ സമയം ലോറിവരുന്നത് കണ്ട് ഇദ്ദേഹം കാർ വെട്ടിച്ചു മാറ്റി. നിയന്ത്രണം നഷ്ടമായ കാർ ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയെ തുടർന്ന് മുന്നിലേയ്ക്ക് പാഞ്ഞ കാർ മധുസൂധനൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു. കാറിന്റെ അടിയിൽ കുടുങ്ങിപ്പോയ മധുസൂധനനെ കാർ ഉയർത്തി മറിച്ചിട്ട ശേഷമാണ് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.