കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സി.ശ്യാം നടത്തിയ പരിശോധനയിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായത്. സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ചങ്ങനാശേരി കുറിച്ചി എസ്.പുരം കൊച്ചുപറമ്പിൽ വീട്ടിൽ കെ.എസ് നിധിൻ കുമാറിന്റെ ലൈസൻസാണ് സസ്‌പെന്റ് ചെയ്യുക. അപകടത്തിൽ ഉൾപ്പെട്ട തണ്ടപ്ര, വിജയലക്ഷ്മി എന്നീ രണ്ട് ബസുകളുടെയും പെർമിറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.
കഴിഞ്ഞ ദിവസമാണ് കോട്ടയം കോടിമത എം.സി റോഡിൽ വിജയലക്ഷ്മി, തണ്ടപ്ര ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇതേ തുടർന്ന് ഈ കൂട്ടിയിടിയുടെ വീഡിയോ ജാഗ്രത ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും വൈറലാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ സി.ശ്യാം വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന്, ഇതു സംബന്ധിച്ചുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കോട്ടയം ആർ.ടി.ഒ കെ.അജിത്കുമാർ ആരംഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് ഇപ്പോൾ വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും. ഇയാളെ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചത്. മൂന്നു മാസത്തേയ്ക്കാണ് ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുക. തുടർന്ന്, ഇയാളെ അഞ്ചു ദിവസം ഡ്രൈവിംങ് പരിശീലനത്തിനും, അഞ്ചു ദിവസം സാമൂഹിക സേവനത്തിനും അയക്കും. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ബസുകളുടെയും പെർമിറ്റ് റദ്ദാക്കാൻ ആർ.ടി.ഒ കെ.അജിത്കുമാർ ആർ.ടിഎ ബോർഡിനു ശുപാർശ ചെയ്തിട്ടുണ്ട്. ഈ ശുപാർശയിൽ നടപടിയെടുത്താൽ രണ്ടു ബസുകൾക്കും പെർമിറ്റ് നഷ്ടമാകും.