കോട്ടയം : വൈദ്യുതി തകരാർ പരാതി നൽകാൻ ഓഫിസിലെത്തിയ ശേഷം ഓഫീസിൽ ബഹളം വയ്ക്കുകയും വീഡിയോ എടുക്കുകയും ചെയ്തയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആദം ടവറിൽ സാംസങ് ഗ്യാലറി എന്ന സ്ഥാപനം നടത്തുന്ന സിദ്ദിഖ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് പരാതി പറയാനാണ് സിദ്ദിഖ് ഓഫിസിൽ എത്തിയത്. വൈദ്യുതി എപ്പോൾ വരും എന്ന് ചോദിച്ച സിദിഖിനോട് പണി നടക്കുകയാണ് എന്ന് മറുപടി നൽകിയതായി ജീവനക്കാർ പറയുന്നു. എന്നാൽ , ഇതിൽ ക്ഷുഭിതനായ സിദിഖ് തങ്ങളോട് തട്ടിക്കയറിയതായി ജീവനക്കാർ പറയുന്നു. തുടർന്ന് സിദിഖ് ഓഫിസിന്റെ വീഡിയോ പകർത്തുകയായിരുന്നു. ഇതോടെ ജീവനക്കാർ തടയാൻ ശ്രമിച്ചു. പിന്നീടും ബഹളം രൂക്ഷമായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തലതെത്തിയ കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ജീവനക്കാരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇയാളെ വിട്ടയച്ചു. അസിസ്റ്റൻറ് എൻജിനീയറുടെ പരാതിയിൽ ആണ് ഇയാൾക്ക് എതിരെ നടപടി എടുത്തത്.