കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ പണിതിട്ടും മാലിന്യ ശല്യം തീരുന്നില്ല. ഇന്നും കംഫർട്ട് സ്റ്റേഷനിൽ നിന്നും മാലിന്യം റോഡിലേയ്ക്ക് ഒഴുകി. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകിയത്. എന്നാൽ, പഴയ രീതി തന്നെയാണ് പുതിയ കംഫർട്ട് സ്റ്റേഷനിലും തുടരുന്നതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പഴയ കംഫർട്ട് സ്റ്റേഷനിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുകിയിരുന്നു. ഇത്തരത്തിൽ മലിനജലം നിരന്തരം റോഡിലേയ്ക്ക് ഒഴുകിയതിന് എതിരെ ഇവിടെയുള്ള കട ഉടമകളും ജീവനക്കാരും സ്ഥിരം ഇതുവഴി യാത്ര ചെയ്യുന്നവരും അടക്കം പരാതിപ്പെട്ടിരുന്നു. എന്നാൽ, ഈ പരാതിയ്ക്ക് യാതൊരുവിധ പരിഹാരവും കാണാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചിട്ടും മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തത്. ഈ സാഹചര്യത്തിൽ അടിയന്തരമായി മാലിന്യ പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ പണിതിട്ടും മാലിന്യ ശല്യം തീരുന്നില്ല; വീണ്ടും തീയറ്റർ റോഡിൽ മാലിന്യം ഒഴുകുന്നു; അതിരൂക്ഷമായ ദുർഗന്ധം
