തിരുവല്ല: ഇന്ന് രാവിലെ തെങ്കാശിയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ആയി. കോഴഞ്ചേരിയിൽ നിന്ന് തിരുവല്ലക്ക് പോകാൻ മാതാപിതാക്കൾക്കൊപ്പം ബസിൽക്കയറിയ കയറിയ പെൺകുട്ടിയാണ് യാത്രക്കിടയിൽ ബോധരഹിതയായത്. ഉടൻ തന്നെ ബസ് ജീവനക്കാർ ബസിൽ തന്നെ പെൺകുട്ടിയെ നേരെ തിരുവല്ല മെഡിക്കൽ മിഷൻ എമർജൻസി വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. മഞ്ഞാടിയിൽ ഉണ്ടാകുന്ന റോഡ് ബ്ലോക്ക് തടസ്സമാകാതെ കവിയൂർ വഴി ആശുപത്രിയിലേക്ക് തിരിച്ചു വിട്ട ബസിൽ തന്നെ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സ് ബോധക്ഷയമുണ്ടായ ഉടനെ തന്നെ പെൺകുട്ടിക്ക് സി പി ആർ നൽകി.
മഴമൂലം ജനാലകൾ അടച്ചിരുന്ന ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഇതുമൂലമുണ്ടായ രക്തസമ്മർദ്ദക്കുറവാണ് ബോധക്ഷയത്തിനു കാരണമെന്നും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയെ വിട്ടയക്കുമെന്നും ടി എം എം ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ. ശ്യാമ വിശ്വനാഥ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്കും ജീവനും മുഖ്യ പരിഗണന കൊടുത്ത് ഈ നടപടിക്ക് മുൻകൈ എടുത്ത ബസ് ജീവനക്കാരെയും കുട്ടിയെ ശുശ്രൂഷിച്ച അജ്ഞാതയായ നഴ്‌സിനെയും ആശുപത്രി അധികൃതർ അഭിനന്ദിച്ചു.വഴിയിൽ പിടയുന്ന ഒരു ജീവൻ, അത് ആരുടേതായാലും സുരക്ഷിതമാക്കുവാൻ മുൻകൈ എടുക്കുന്ന ഇത്തരം ആളുകൾ സമൂഹത്തിനു മുതൽക്കൂട്ടാണ് എന്നും ആശുപത്രി അധികൃതർ പറഞ്ഞു.