കോട്ടയം: കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്മനം പെരുമനകോളനി ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം നഗരത്തിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിന് ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ കുടയംപടി ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മതിലിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
മറ്റൊരു വാഹനം കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു വാഹനം ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്നു കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് വിജിത്ത് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നതായും നാട്ടുകാർ ആരോപിച്ചു. അപകട വിവരമറിഞ്ഞ് സ്ഥലത്തേയ്ക്കു തിരിച്ച കോട്ടയം വെസ്റ്റ് പൊലീസിന്റെ വാഹനത്തിന്റെ ആക്‌സിലൊടിഞ്ഞ് റോഡിൽ കിടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് വിജിത്തിനെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്കു മാറ്റിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിൽ.