കോട്ടയം: കുമരകം റോഡിൽ താഴത്തങ്ങാടി കൊശവളവിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. താഴത്തങ്ങാടി സ്വദേശികളായ ദമ്പതിമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. താഴത്തങ്ങാടി പറങ്ങാട്ട്താഴത്ത് ബെന്നി പി കുരുവിള (59), ഭാര്യ മിനി (56) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും താഴത്തങ്ങാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഒരു കാർ. ഈ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു.




ഇടിയുടെ ആഘാതത്തിൽ ഒരു കാർ റോഡിൽ നിന്നും താഴ്ചയിലേയ്ക്കു മറിഞ്ഞു. ഈ കാറിനുള്ളിൽ ഒരു യുവാവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റൊരു കാറിലുണ്ടായിരുന്നതാണ് ദമ്പതിമാർ. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.