കോട്ടയം: കുറിച്ചിയിൽ സാധാരണക്കാരുടെ നിരന്തര ആവശ്യമായ സർക്കാർ ആശുപത്രിയുടെ പുനരുദ്ധാരണം മനപൂർവം വൈകിപ്പിച്ച ശേഷം, സിന്തറ്റിക് ടർഫ് ഉദ്ഘാടനം ചെയ്യാനുള്ള എം.എൽ.എയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. എം.സി റോഡരികിലെ സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ മടിയ്ക്കുന്ന എം.എൽ.എയാണ് സിന്തറ്റിക് ടർഫ് ഉദ്ഘാടനം ചെയ്യാനെത്തുന്നതെന്നാണ് വിമർശനം. സാധാരണക്കാരായ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ അവഗണിച്ച് ടർഫ് ഉദ്ഘാടനം ചെയ്യുന്ന എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധിച്ച് ടർഫ് ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും കുറിച്ചിയിലെ യുഡിഎഫുമാണ് ഇതു സംബന്ധിച്ചുള്ള ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുറിച്ചി ഔട്ടോ പോസ്റ്റ് ജംഗ്ഷനിൽ സിന്തറ്റിക് ടർഫ് നിർമ്മിക്കുന്നത്. ഇന്നു വൈകിട്ട് നാലിന് ടർഫിന്റെ നിർമ്മാണ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നടത്താനിരിക്കെയാണ് ഇപ്പോൾ കോൺഗ്രസും യുഡിഎഫും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലനാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടർഫിന്റെ ഉദ്ഘാടനം രാഷ്ട്രീയ സമ്മേളനമാക്കിയെന്നാരോപിച്ച് കോൺഗ്രസ് നേരത്തെ തന്നെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. കുറിച്ചിയിലെ ജില്ലാ പഞ്ചായത്ത് അംഗമായ പി.കെ വൈശാഖിനെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ലെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇത് കൂടാതെയാണ് യുഡിഎഫ് വികസന പ്രശ്‌നങ്ങളിൽ എം.എൽ.എ കാട്ടുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
മുൻപ് പല പദ്ധതികളുടെയും നിർമ്മാണ ഉദ്ഘാടനം എംഎൽഎ നടത്തിയെങ്കിലും ഈ പദ്ധതികൾ ഒന്നും തന്നെ എങ്ങും എത്തിയിട്ടില്ല. കുറിച്ചി സിഎച്ച്‌സി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്നു പറയുന്നുണ്ട്. എന്നാൽ, ഇത് ഒന്നും പൂർത്തിയാക്കാൻ കഴിയാതെയാണ് കോടികൾ മുടക്കി വീണ്ടും ഉദ്ഘാടന പ്രഹസനം നടത്തുന്നത്. ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചെറുപ്പക്കാരുടെയും പൊതുജനങ്ങളുടെയും കണ്ണിൽപൊടിയിടാനാണ് നടത്തുന്നത്. ഇത് സിപിഎം സമ്മേളനമായി ഈ യോഗങ്ങളെ മാറ്റാ സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കലാണ് എന്നും കുറിച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ബാബു ആരോപിച്ചു.