കോട്ടയം: ലുലുമാളിൽ സന്ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെ നഷ്ടമായ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ കണ്ടെത്തി നൽകി ചങ്ങനാശേരി പൊലീസ്. ആലപ്പുഴ വെളിയനാട് സ്വദേശിയായ ജെയ്‌സണാണ് ചങ്ങനാശേരി പൊലീസിലെ ഉദ്യോഗസ്ഥരുടെ കൃത്യ സമയത്തെ ഇടപെടൽ മൂലം ഫോൺ തിരികെ ലഭിച്ചത്. വിലപ്പെട്ട രേഖകൾ അടക്കമുണ്ടായിരുന്ന ഫോൺ തിരികെ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഫോൺ നഷ്ടമായവർ.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോട്ടയം ലുലുമാൾ കാണാനാണ് വെളിയനാട് സ്വദേശി എത്തിയത്. ഇതിന് ശേഷം മടങ്ങുന്നതിനിടെ ഇദ്ദേഹത്തിന്റെ ഫോൺ നഷ്ടമാകുകയായിരുന്നു. പിന്നീട്, ഇദ്ദേഹം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ നഷ്ടമായത് സംബന്ധിച്ചു പരാതി നൽകി. ഇതിന് ശേഷം ഇദ്ദേഹം നാട്ടിലേയ്ക്കു മടങ്ങുന്നതിനിടെ നഷ്ടമായ ഫോണിലേയ്ക്ക് മറ്റൊരു ഫോണിൽ നിന്നും വിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം ഈ ഫോൺ ബെല്ലടിയ്ക്കുകയും, ഒരാൾ എടുക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു പരാതി കൂടി നൽകി. ഇതിന് ശേഷം വീട്ടിലെത്തി ഫൈൻഡ് മൈ ഫോൺ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ തെങ്ങണ ഭാഗത്ത് ഉള്ളതായി കണ്ടെത്തി. തുടർന്ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ സ്‌റ്റേഷനിൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ സിജോയും സിവിൽ പൊലീസ് ഓഫിസർ നവാസും ചേർന്ന് ചങ്ങനാശേരി പാലാത്ര ഭാഗത്ത് എത്തി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും ഫോൺ വീണ്ടെടുത്ത് ഉടമയ്ക്ക് നൽകി. തുടർന്ന് സ്‌റ്റേഷനിൽ വച്ച് ഉടമ ഫോൺ കൈപ്പറ്റുകയും ചെയ്തു.ഫോൺ തിരികെ ലഭിച്ചതിനാൽ നേരത്തെ നൽകിയ പരാതിയിൽ തുടർ നടപടി ആവശ്യമില്ലെന്ന് എഴുതി നൽകിയ ശേഷമാണ് വെളിയനാട് സ്വദേശി സ്റ്റേഷനിൽ നിന്നും മടങ്ങിയത്.