കോട്ടയം: മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം. പടക്കം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് മണിപ്പുഴ – ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന കട അക്രമി സംഘം കത്തിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് യദു എസ്.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടയ്ക്ക് തീയിട്ടതെന്ന് കട ഉടമകൾ ആരോപിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിൽ പ്രവർത്തിക്കുന്ന കടയ്ക്ക് തീയിട്ടത്. പുലർച്ചെ അഞ്ചു മണിയോടെ കടയ്ക്ക് തീ പിടിച്ചത് കണ്ട് പ്രദേശത്ത് പത്രവിതരണം നടത്തുന്ന ഏജന്റാണ് കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം വിവരം കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയ്ക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇത് കൂടാതെ സമീപത്തെ കടയിലേയ്ക്കും തീ പടർന്നെങ്കിലും കാര്യമായ കേടുപാടുകൾ ഉണ്ടാകാതെ തീ കെടുത്താനായി. മൂലവട്ടം സ്വദേശികളായ രഞ്ജിത്ത്, അനുക്കുട്ടൻ എന്നിവർ ചേർന്നാണ് കട നടത്തിയിരുന്നത്.
ക്രിസ്മസ് ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് യദു എസ്.നായരുടെ നേതൃത്വത്തിൽ ഈരയിൽക്കടവിൽ പടക്ക വിൽപ്പന ആരംഭിച്ചിരുന്നു. രഞ്ജിത്തിന്റെ കടയുടെ മുന്നിലും സമാനരീതിയിൽ ഇവർ പടക്കം കച്ചവടം ആരംഭിച്ചിരുന്നു. ഇതേച്ചൊല്ലി തർക്കവും നില നിന്നിരുന്നു. എന്നാൽ, പുതുവത്സര ദിനത്തിൽ രാത്രിയിൽ പടക്കം വാങ്ങാൻ എത്തിയ യുവാക്കളുടെ സംഘവുമായി യദുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഘർഷമുണ്ടായിരുന്നു. തുടർന്ന്, യുവാക്കളുടെ സംഘം തങ്ങളെ മർദിച്ചിരുന്നതായി യദുവും സുഹൃത്തുക്കളും പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് യദു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ അക്രമം തടയാൻ രഞ്ജിത്തും സംഘവും ഇടപെട്ടതാണ് തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് ഇവർ പറയുന്നു. ഇതിന് ശേഷം പുലർച്ചെയോടെയാണ് കടയ്ക്ക് തീയിട്ടത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സംഘം കേസെടുത്തിട്ടുണ്ട്.