മണർകാട് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: മണർകാട് പള്ളിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന പലചരക്ക് പച്ചക്കറിക്കട തീ പിടിച്ചു. വ്യാഴാഴ്ച രാത്രി 10.45 ഓടെയുണ്ടായ തീ പിടുത്തത്തിൽ കടയുടെ ബോർഡ് അടക്കം കത്തി നശിച്ചിട്ടുണ്ട്. ഇതോടെ കട ആരുടേതാണെന്നോ പേരോ തിരിച്ചറിയാനാവാത്ത സ്ഥിതിയായി. കോട്ടയത്തു നിന്നും പാമ്പാടിയിൽ നിന്നും എത്തിയ രണ്ട് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വ്യാഴാഴ്ച രാത്രി പ്രദേശത്തെ കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും കണ്ട നാട്ടുകാരാണ് ആദ്യം വിവരം മണർകാട് പൊലീസിൽ അറിയിച്ചത്. പൊലീസാണ് പാമ്പാടി കോട്ടയം അഗ്നിരക്ഷാ സേനാ ഓഫിസുകളിൽ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും കടയുടെ അൻപത് ശതമാനത്തിലേറെ ഏതാണ്ട് കത്തി നശിച്ചിരുന്നു. തുടർന്ന്, ഷട്ടർ പൊളിച്ച് അകത്തു കയറി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്തെ കെട്ടിടങ്ങളിലേയ്ക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടം ഒഴിവാക്കാൻ സാധിച്ചെങ്കിലും കടയിലെ സാധനങ്ങൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. മണർകാട് പൊലീസ് സ്ഥലത്ത് എത്തി.