കോട്ടയം: മൂലവട്ടം മണിപ്പുഴയിൽ പുലർച്ചെ പത്രവിതരണത്തിന് എത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയി. നടന്നെത്തിയ യുവാവ് സ്കൂട്ടറുമായി രക്ഷപെടുകയായിരുന്നു. പത്രഏജന്റും യുവാക്കളും നോക്കി നിൽക്കുന്നതിനിടെയാണ് ഇയാൾ സ്കൂട്ടറുമായി കടന്നത്. ഈ സമയം പത്രം ഇടാനെത്തിയ യുവാക്കളുടെ സംഘം രണ്ടു കിലോമീറ്ററോളം ദൂരം മോഷ്ടാവിനെ സാഹസികമായി പിൻതുടർന്ന് സ്കൂട്ടർ പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ മൂലവട്ടം മണിപ്പുഴ വെയിറ്റിംങ് ഷെഡിലായിരുന്നു സംഭവങ്ങൾ.
മണിപ്പുഴയിലെ വെയിറ്റിംങ് ഷെഡൽ പത്രവിതരണത്തിന് എത്തിയതായിരുന്നു അഗ്രീഷ് രാജ് എന്ന യുവാവ്. സ്കൂട്ടർ ഓഫ് ചെയ്ത ശേഷം വാഹനത്തിൽ തന്നെ താക്കോൽ വച്ച ശേഷമാണ് അഗ്രീഷ് പത്രം എണ്ണിയെടുക്കുന്നതിനായി വെയിറ്റിംങ് ഷെഡിലേയ്ക്കു കയറിയത്. ഈ സമയം ഇവിടെ എത്തിയ മറ്റൊരു യുവാവ് വെയിറ്റിംങ് ഷെഡിനുള്ളിൽ കയറി ഇരിക്കുകയും, പരസ്പര വിരുദ്ധമായി ഇവിടെ ഉണ്ടായിരുന്നവരോട് സംസാരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പത്രവിതരണക്കാരുടെ ശ്രദ്ധ പാളിയതോടെ യുവാവ് സ്കൂട്ടറുമായി നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് അതിവേഗം രക്ഷപെടുകയായിരുന്നു. ഇതോടെ അഗ്രീഷ് രാജ്, ഇതേ റൂട്ടിൽ പത്രമിടാൻ പോയ അഭിരാം രാജേഷിനെയും മറ്റൊരു സുഹൃത്തിനെയും വിവരം അറിയിച്ചു. ഇവർ രണ്ടു പേരും സ്ഥലത്ത് എത്തിയ ശേഷം അഗ്രീഷിനെയും കൂട്ടി അതിവേഗം സ്കൂട്ടറിൽ സ്കൂട്ടർ മോഷ്ടിച്ച യുവാവിന്റെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞു.
ഇവർ മൂലവട്ടം ദിവാൻവല ഭാഗം വരെ മോഷ്ടാവിനെ പിൻതുടർന്നെങ്കിലും ഇവിടെ വച്ച് സ്കൂട്ടർ ഇവരുടെ മുന്നിൽ നിന്നും കാണാതായി. രണ്ടായി പിരിയുന്ന റോഡിൽ ഏതു വഴി മോഷ്ടാവ് പോയെന്നായിരുന്നു സംശയം. തുടർന്ന് പ്രദേശത്ത് തിരിച്ചിൽ നടത്തുന്നതിനിടെ നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് ഭാഗത്ത് നിന്നും സ്കൂട്ടറിൽ മോഷ്ടാവ് എത്തുന്നത് കണ്ടു. തുടർന്ന്, മൂന്നു യുവാക്കളും ചേർന്ന് സ്കൂട്ടർ തടയാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ യുവാക്കളെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ശേഷം കടുവാക്കുളം ഭാഗത്തേയ്ക്ക് സ്കൂട്ടർ ഓടിച്ചു പോയി.
ഇതോടെ യുവാക്കളുടെ സംഘം തങ്ങളുടെ സ്കൂട്ടറിൽ മോഷ്ടാവിനെ പിൻതുടർന്നു. എന്നാൽ, ഓടിക്കുന്ന സ്കൂട്ടറിൽ ഇരുന്ന് തന്നെ യുവാക്കളെ ആക്രമിക്കാനാണ് മോഷ്ടാവ് ശ്രമിച്ചത്. ഒടുവിൽ കടുവാക്കുളം ഭാഗത്ത് വച്ച് സ്കൂട്ടർ സാഹസികമായി തടഞ്ഞ യുവാക്കൾ മോഷ്ടാവിനെ പിടികൂടി. എന്നാൽ, യുവാക്കളെ തള്ളിയിട്ട ശേഷം മോഷ്ടാവ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവത്തിലും സ്കൂട്ടറിന് കേട് പാട് വരുത്തിയതിലും അഗ്രീഷ് രാജ് ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.