കോട്ടയം: മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലേക്ക് എംപി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ അനസ്തേഷ്യ മിഷ്യൻ വാങ്ങിയതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. നിലവിൽ ഉണ്ടായിരുന്ന മെഷീൻ കാലപ്പഴക്കം മൂലം തകരാറിലായതിനെ തുടർന്ന് തലച്ചോറിന്റെ ഉൾപ്പടെയുള്ള സർജറി നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ബാലകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണ് തോമസ് ചാഴികാടൻ എംപി ഇടപെട്ട് ഫണ്ട് അനുവദിച്ചത്.
നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കോട്ടയം മെഡിക്കൽ കോളേജിലും കുട്ടികളുടെ ആശുപത്രിയിലുമായി ആംബുലൻസുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾക്കും വാഹനങ്ങൾക്കുമായി ഇതുവരെ എംപി ഫണ്ടിൽ നിന്നും 1.90 കോടി രൂപ ലഭ്യമാക്കിയതായും എംപി അറിയിച്ചു.