കോട്ടയം: മെഡിക്കൽ കോളേജ് റാഗിംങ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് കോടതിയുടെ നിർദേശം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതികളെ തുടർ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങാൻ ഗാന്ധിനഗർ പൊലീസ് അപേക്ഷ നൽകിയപ്പോഴാണ് കോടതി പ്രതികളെ പ്രദർശിപ്പിക്കുന്നതിന് എതിരെ കോടതി നിലപാട് സ്വീകരിച്ചത്.
കേസിലെ പ്രതികളായ വിവേക് , റിജിൽ ജിത്ത്, രാഹുൽ രാജ്, ജീവൻ സാമുവേൽ ജോൺ എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയത്. ഫെബ്രുവരി 11 നാണ് പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അഞ്ചു പേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഇന്ന് പ്രതികളെ ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിംങിനു വിധേയമാക്കിയ കോളേജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.