കോട്ടയം: അഴുകിത്തുടങ്ങിയ മൃതദേഹങ്ങളുടെ ചിത്രം ആയിരം രൂപയ്‌ക്കെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആർജവത്തെ വ്യാജ വാർത്തകൊണ്ട് തകർക്കാൻ ശ്രമിച്ച തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിനോട് ഒരു ചോദ്യം – പതിനായിരം രൂപ തരാം, ഒരു മണിക്കൂർ പോസ്റ്റ് മോർട്ടം ടേബിളിൽ നിന്ന് ചിത്രം പകർത്താമോ…? അഴുകിത്തുടങ്ങിയ മൃതദേഹങ്ങളുടെ ദുർഗന്ധം സഹിച്ച് നിന്ന് ഫോട്ടോയെടുക്കാമോ..? കോട്ടയം മെഡിക്കൽ കോളേജിലെ വ്യാജ വാർത്താ വിവാദത്തിൽ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയെഴുതിയതിനു പിന്നാലെ പുറത്ത് വന്ന പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു. അരപ്പട്ടിണിക്കാരനായ അത്തപ്പാവി ഫോട്ടോഗ്രാഫറുടെ കയ്യിൽ നിന്നും അഞ്ചു പൈസകിട്ടില്ലെന്നറിഞ്ഞതോടെ അയാളെ എഴുതിക്കൊല്ലാൻ കൂട്ടു നിൽക്കുകയാണ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം. ഈ വാർത്തയെഴുത്തിന് നേതൃത്വം കൊടുക്കുന്നതാവട്ടെ വാർത്തകളൊന്നും സ്വന്തമായി എഴുതാൻ അറിയാത്ത തേർഡ് ഐ ന്യൂസ് ലൈവിന്റെ ചീഫ് എഡിറ്റർ എന്ന് സ്വയം അവകാശപ്പെടുന്ന എ.കെ ശ്രീകുമാറും.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടം നടപടികളുടെ അടക്കം ഫോട്ടോ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറാണ് ഇക്കുറി തേർഡ് ഐ ന്യൂസ് ലൈവിന്റെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുന്നത്. മുൻപ് കോട്ടയം ജില്ലയിലെ പല പ്രമുഖർക്കെതിരെയും ഇത്തരത്തിൽ ഈ ഓൺലൈൻ മാധ്യമത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പലരും തിരികെ പ്രതികരിക്കാൻ പോലും ആകാതെ പോകുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പാവപ്പെട്ട ഫോട്ടോഗ്രാഫർക്ക് നേരെ കടന്നാക്രമണവുമായി തേർഡ് ഐ ന്യൂസ് ലൈവ് എത്തിയത്. എന്നാൽ , തനിക്കെതിരെ വന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിക്കാൻ ഫോട്ടോഗ്രാഫർ തയ്യാറായതോടെയാണ് വ്യാജ വാർത്ത വീണ്ടും ചർച്ചയായി മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികളാണ് നടക്കുന്നത്. ഇത്തരത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങളുടെയും പോസ്റ്റ് മോർട്ടത്തിന്റെയും ചിത്രം പകർത്തുന്ന ജോലിയാണ് ഈ ഫോട്ടോഗ്രാഫർ നിർവഹിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇത്തരം പോസ്റ്റ് മോർട്ടം നടപടികളുടെ ചിത്രങ്ങൾ പകർത്തുന്ന ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ പോലുമല്ലെന്നതാണ് യാഥാർത്ഥ്യം. ഇവിടെ ചിത്രം പകർത്തുമ്പോൾ ലഭിക്കുന്ന ആയിരം രൂപയിൽ നിന്നും , ചിത്രങ്ങളുടെ പകർപ്പ് എടുത്ത ശേഷം , ഈ പകർപ്പ് കൊറിയറായി അയച്ചു നൽകുന്നതിനു ശേഷം ബാക്കിയാകുന്ന തുകയാണ് ഇദ്ദേഹത്തിന്റെ വരുമാനം. ഇത്തരത്തിൽ ഓരോ ദിവസവും കഷ്ടപ്പെട്ട് കഴിഞ്ഞു കൂടുന്ന ഒരു ഫോട്ടോഗ്രാഫറെയാണ് ഭീകരനായ കൊള്ളക്കാരനായി ചിത്രീകരിച്ച് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ചമയ്ക്കുന്നത്.
തേർഡ് ഐ ന്യൂസ് ലൈവ് ഇത്തരത്തിൽ വ്യാജ വാർത്ത ചമച്ചതിന് എതിരെ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത നൽകിയതോടെ പൊലീസ് ഉദ്യോഗസ്ഥർ അടക്കം നിവരധി പേരാണ് ജാഗ്രതാ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീമിനെ ബന്ധപ്പെട്ടത്. പല പൊലീസ് ഉദ്യോഗസ്ഥരും തങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം നടത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോട്ടോഗ്രാഫറെ പ്രകീർത്തിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വാർത്തകണ്ട് ഫോണിൽ ബന്ധപ്പെട്ട പൊതു പ്രവർത്തകരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പൊലീസ് എത്തിക്കുന്ന തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ചിത്രവും പോസ്റ്റ് മോർട്ടം നടപടികളുടെ ചിത്രവും പകർത്തുന്നതും ഇതേ ഫോട്ടോഗ്രാഫർ തന്നെയാണ്. ഈ ചിത്രവും വീഡിയോയും പകർത്തുന്നതിന് ഇദ്ദേഹത്തിന് അഞ്ച് നയാ പൈസ പോലും ലഭിക്കാറുമില്ല.
ഈ സാഹചര്യത്തിലാണ് ഇദ്ദേഹം നാലായിരം രൂപ ഒരു ഫോട്ടോയ്ക്കു വാങ്ങി എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. ഇത്തരത്തിൽ തെറ്റായ വാർത്ത നൽകിയത് കൂടാതെ, വാർത്ത ഇനിയും എഴുതുമെന്ന ഭീഷണി കൂടിയാണ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം മുഴക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തയെഴുതുകയും ഇത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞിട്ട് പോലും തിരുത്താൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരാണ് അക്ഷരാർത്ഥത്തിൽ മാധ്യമപ്രവർത്തനത്തിലെ പുഴുക്കുത്തുകൾ.