കോട്ടയം: മൂലവട്ടം നന്തിക്കാട്ട് സാമുവേൽ മെമ്മോറിയൽ സിഎംഎസ് എൽ.പി സ്‌കൂളിലെ നിരവധി കുട്ടികൾക്ക് പനിയും വയറിളക്കവും അടക്കമുള്ള അജ്ഞാത രോഗം. അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പത്ത് കുട്ടികൾക്ക് സമാന ലക്ഷണങ്ങളുള്ളതായി സ്‌കൂൾ അധികൃതർ തന്നെ സമ്മതിക്കുന്നു. സ്‌കൂൾ ആനിവേഴ്‌സറിയുടെ ഭാഗമായി സ്‌കൂളിൽ നിന്നും വിതരണം ചെയ്ത ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നഗരസഭ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
സ്‌കൂളിലെ ക്ലാസ് മുറിയ്ക്കു മുന്നിൽ നഴ്‌സറി വിദ്യാർത്ഥിയായ രണ്ട് കുട്ടികൾ ഛർദിച്ചതായി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജിനു പറയുന്നു. ഇതിന് ശേഷം നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. ഒരു കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായ ശേഷം ഇതേ കുട്ടിയുടെ സഹോദരനും സമാന രീതിയിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പത്തോളം കുട്ടികൾ പനിയും ബുദ്ധിമുട്ടുകളും മൂലം ചികിത്സ തേടിയിട്ടുണ്ട്. ഇത് ഒന്നും സ്‌കൂളിലെ ഭക്ഷണം കഴിച്ചത് മൂലമല്ല. പനിയും അസ്വസ്ഥതകളുമുള്ള കുട്ടികളെ സ്‌കൂളിലേയ്ക്ക് അയക്കരുതെന്ന് മാതാപിതാക്കളോട് നിർദേശിച്ചിരുന്നതാണ്. എന്നാൽ, പലരും ഇത് പാലിക്കാറില്ലെന്നും ഇതും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായും ഹെഡ്മിസ്ട്രസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സ്‌കൂളിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് വലിയ തോതിലുള്ള അസ്വസ്ഥത ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പരാതി. സ്‌കൂളിലെ വെള്ളമോ, ഭക്ഷണം പാകം ചെയ്ത അന്തരീക്ഷമോ ആകാം പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മാതാപിതാക്കൾ പറയുന്നത്. നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. സ്‌കൂൾ വാർഷികത്തിനു മുൻപ് തന്നെ ചില കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ 22 ഓളം കുട്ടികളെ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴു കുട്ടികളാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത്. പനിയും, വയറിളക്കവും, ഛർദിലുമാണ് കുട്ടികൾക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് നാലിനാണ് സ്‌കൂളിൽ വാർഷിക പരിപാടികളുടെ ഭാഗമായി ബിരിയാണി വിതരണം ചെയ്തത്. ഇതിനു മുൻപും ശേഷവും കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. എന്തായാലും പ്രശ്‌നത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് സ്‌കൂൾ അധികൃതരും മാതാപിതാക്കളും ആവശ്യപ്പെടുന്നത്.