കോട്ടയം: ടിക്കറ്റെടുക്കാൻ സ്വകാര്യ ബസ് കണ്ടക്ടർക്കു നൽകിയ അഞ്ഞൂറുരൂപയുടെ ബാക്കി കിട്ടാത്തതിനെ തുടർന്നു, മെഡിക്കൽ കോളേജ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊട്ടിക്കരഞ്ഞുകൊണ്ടു നിന്ന പെൺകുട്ടിയ്ക്കു സഹായവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് അഞ്ഞൂറ് രൂപയുടെ ബാക്കി, സ്വകാര്യ ബസിൽ നിന്നു തന്നെ കിട്ടിയ പെൺകുട്ടിയും സന്തോഷത്തോടെ മടങ്ങി.
ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കോട്ടയത്തു നിന്നും വെട്ടിക്കുളങ്ങര ബസിലാണ് പെൺകുട്ടിയും സുഹൃത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ബസിറങ്ങിയ ശേഷമാണ് ടിക്കറ്റ് എടുക്കാൻ നൽകിയ 500 രൂപയുടെ ബാക്കി വാങ്ങിയില്ലെന്നു പെൺകുട്ടി തിരിച്ചറിഞ്ഞത്. കയ്യിലാകട്ടെ ഈ അഞ്ഞൂറ് രൂപയല്ലാതെ മറ്റു പണമൊന്നും ഉണ്ടായിരുന്നില്ല താനും.
ഇതോടെ സ്റ്റാൻഡിൽ നിന്ന് പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. ഈ സമയത്താണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ ആശാകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സംഘം മെഡിക്കൽ കോളേജ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയത്. എ.എം.വി.ഐമാരായ പി.കെ സെബാസ്റ്റ്യൻ, ജോർജ് വർഗീസ്, എസ്.സജിത്ത് എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വാഹന പരിശോധനകൾക്കായി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഘം, പെൺകുട്ടിയുടെ കരച്ചിൽ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, സ്വകാര്യ ബസിന്റെ പേര് ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥ സംഘം ബസ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. ബസ് ഉടമ കണ്ടക്ടറെ ബന്ധപ്പെട്ട് പണം നൽകാനുണ്ടെന്ന് ഉറപ്പിച്ചു. ഇതിനിടെ, ഇതുവഴി എത്തിയ പുന്നക്കാടൻ ബസിലെ കണ്ടക്ടർ പെൺകുട്ടിയ്ക്ക് ബാക്കി തുക നൽകാമെന്ന് ഉറപ്പ് നൽകി. ഈ തുക നൽകിയ ശേഷം ഇദ്ദേഹം മടങ്ങുകയും ചെയ്തു. ബാക്കി തുക വെട്ടിക്കുളങ്ങര ബസിലെ ജീവനക്കാരിൽ നിന്നു വാങ്ങാമെന്നും കണ്ടക്ടർ അറിയിച്ചു. ഇതോടെയാണ് പെൺകുട്ടി കരച്ചിലടക്കി മടങ്ങിയത്.