കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയിൽ രണ്ടു തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന രണ്ട് തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അവശ നിലയിൽ കണ്ടെത്തിയ നായ്ക്കളെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഈ രണ്ടു നായ്ക്കളും ഛർദിച്ച് അവശ നിലയിലാണ് ആശുപത്രി പരിസരത്ത് കണ്ടെത്തിയത്. നായ്ക്കൾ അവശനിലയിലായത് നേരത്തെ തന്നെ നാട്ടുകാർ കണ്ടെത്തിയിരുന്നു.
കുട്ടികളുടെ ആശുപത്രി പരിസരത്ത് നൂറുകണക്കിന് നായ്ക്കളാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ആശുപത്രി പരിസരത്ത് നിരവധി സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഇവിടെ നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ ഇവിടെ എത്തുന്നത് അക്ഷരാർത്ഥത്തിൽ സാധാരണക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോ നായ്ക്കൾക്ക് വിഷം കൊടുത്തു കൊന്നതാണ് എന്ന സംശയമാണ് ഉയരുന്നത്.