കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികൾ തയാറാക്കാൻ ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സമിതി ചെയർമാനായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായി.
നേത്രരോഗവിഭാഗത്തിൽ പുതിയ ഓപ്പറേഷൻ തീയേറ്റർ സ്ഥാപിക്കുന്നതിന് 1.80 കോടി രൂപയുടെയും ന്യൂറോ സർജറി ഒ.റ്റി. വിഭാഗത്തിൽ അനസ്തേഷ്യ വർക് സ്റ്റേഷൻ വാങ്ങുന്നതിനായി 30 ലക്ഷം രൂപയുടെയും പദ്ധതി തയാറാക്കും. ലാപ്രോസ്കോപ്പി സർജറി പദ്ധതിക്കും ഹോമോഗ്രാഫ്റ്റ് വാൽവ് ബാങ്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കും രൂപരേഖ തയാറാക്കും. ഗതാഗത നിയന്ത്രണത്തിനായി ബൂം ബാരിയർ സ്ഥാപിക്കാനും രണ്ടു കഫറ്റീരിയകൾ കൂടി നിർമിക്കാനും പുതിയ സി.ടി. സ്കാൻ മെഷീൻ വാങ്ങാനും തീരുമാനിച്ചു. ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഫെലോഷിപ്പ് അനുവദിക്കും. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സമിതി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, വൈസ് ചെയർമാനായ പ്രിൻസിപ്പൽ ഡോ.കെ.പി. ജയകുമാർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സമിതിയിലെ ആരോഗ്യ-സഹകരണ വകുപ്പ് മന്ത്രിമാരുടെ പ്രതിനിധികളായ എ.വി. റസൽ, ഇ.എസ്. ബിജു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ, ഐ.സി.എച്ച്. സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എ.ഡി.സി. ജി. അനീസ്, ആർ.എം.ഒ. ആർ.പി. രഞ്ജിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.