ഗാന്ധിനഗർ . കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമ്മിച്ചു കൊണ്ടിരിന്ന കെട്ടിടത്തിന് തീ പിടിച്ച സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽകോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ്പുന്നൂസ്, ഡപ്യൂട്ടി സൂപ്രണ്ട് ഡോ ആർ രതീഷ്കുമാർ ആർ എം ഒ ഡോ ലിജോമാത്യൂ , അഗ്നിരക്ഷാ സേനാ ഓഫിസർമാരായ അനൂപ് രവീന്ദ്രൻ , അനിൽകുമാർ, ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി എന്നിവരുടെ നേതൃത്വത്തിലടങ്ങുന്ന സംഘമാണ് പ്രാഥമിക അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് കൈമാറിയത്.
ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണാ മെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ പിന്നെയെങ്ങിനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 100 കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പാചകം ചെയ്യുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്ന സിലിണ്ടറുകൾ ചൂട് കൊണ്ട് പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായതാണെന്നും പറയപ്പെടുന്നു.