കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ പെൺകുട്ടികളുടെ കൂട്ടത്തല്ല. അസഭ്യം വിളിച്ചുകൊണ്ടാണ് പെൺകുട്ടികൾ ഏറ്റുമുട്ടിയത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളാണ് ബസ് സ്റ്റാൻഡിൽ യാത്രക്കാർ നോക്കി നിൽക്കുന്നതിനിടെ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. പ്രദേശത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളാണ് സ്റ്റാൻഡിൽ എത്തിയത്. എല്ലാകുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്നവരാണ്. സ്റ്റാൻഡിൽ എത്തിയ ശേഷം അസഭ്യം വിളികളുമായി കുട്ടികൾ ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടികളോട് വിവരം തിരക്കിയെങ്കിലും ഇവർ നാട്ടുകാരെയും തെറി വിളിച്ചു. ഇതോടെ നാട്ടുകാരും കടയിലെ ഉടമകളും ജീവനക്കാരും ചേർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു.
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു കുട്ടികളെ പിടികൂടി സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. നാലു പെൺകുട്ടികളെയാണ് പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഓടിരക്ഷപെട്ടു. സംഭവത്തിൽ കുട്ടികളോട് വിവരം എന്താണ് എന്ന് ചോദിച്ചറിഞ്ഞ് താക്കീത് ചെയ്ത ശേഷം വിട്ടയക്കുമെന്നു പൊലീസ് അറിയിച്ചു.