കോട്ടയം: മേലുകാവിൽ എഎസ്ഐയ്ക്കെതിരെ എസ്എച്ച്ഒയുടെ പ്രതികാരം. മുൻ വൈരാഗ്യത്തെ തുടർന്നു എഎസ്ഐയ്ക്കെതിരെ എസ്എച്ച്ഒ പ്രതികാര നടപടി സ്വീകരിക്കുന്നതായുള്ള പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മെഡിക്കൽ ലീവിന് അപേക്ഷ നൽകിയ പൊലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷ എസ്എച്ച്ഒ നിരസിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
കോട്ടയം സ്വദേശിയും മേലുകാവ് പൊലീസ് സറ്റേഷനിലെ എഎസ്ഐയുമായ ഉദ്യോഗസ്ഥനെതിരെയാണ് സിഐയുടെ പ്രതികാര നടപടിയുണ്ടായതെന്നു പരാതി ഉയർന്നത്. മുൻപ് ഈ സിഐ കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കെയുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് മേലുകാവ് സ്റ്റേഷനിൽ തന്റെ കീഴിൽ ജോലി ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇദ്ദേഹം തീർക്കുന്നതെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻപത് കിലോമീറ്ററിലധികം ദൂരെ നിന്നും ഡ്യൂട്ടിയ്ക്ക് എത്തുന്ന എഎസ്ഐയ്ക്കെതിരെ നിരന്തരം മോശമായ രീതിയിൽ പെരുമാറുന്നതായും, ഒന്നോ രണ്ടോ മിനിറ്റ് താമസിച്ചാൽ പോലും ആബ്സെൻ്റ് മാർക്ക് ചെയ്യുന്നതായും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഈ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീട് നിർമ്മാണത്തിന്റെ ഭാഗമായി ജോലികൾ ചെയ്യുന്നതിനിടെ നടുവിന് വിലക്കുണ്ടാകുകയും, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
എന്നാൽ, ഈ രേഖകൾ ഹാജരാക്കിയിട്ട് പോലും ഇദ്ദേഹത്തിന് മെഡിക്കൽ ലീവ് അനുവദിക്കാൻ സിഐ തയ്യാറായില്ലെന്നാണ് പരാതി. മെഡിക്കൽ ലീവിന് പകരം ആബ്സന്റ് മാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന്, ഇദ്ദേഹത്തിന്റെ അവധി അപേക്ഷയിൽ അടക്കം പാലാ ഡിവൈഎസ്പി പരിശോധന നടത്തി. തുടർന്ന്, ജില്ലാ പൊലീസ് മേധാവിയ്ക്ക് വിശദാംശങ്ങൾ കൈമാറുകയും അന്വേഷണം നടത്തുകയുമായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.