കോട്ടയം: ‘മെസി കളിക്കാനിറങ്ങാനിരുന്ന’ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ ഇനി നെഹ്‌റു ട്രോഫി നടത്താം. രണ്ടേ രണ്ടു ദിവസം മഴ പെയ്തതോടെ നെഹ്‌റു സ്‌റ്റേഡിയത്തിൽ അരയ്‌ക്കൊപ്പം വെള്ളമായി മാറി. രാഷ്ട്രീയവും മതവുമെല്ലാം കരയ്ക്കു വച്ച് ശരിക്കൊന്നു നോക്കിയാൽ എത്രത്തോളം പരിതാപകരമാണ് കായിക കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നു മനസിലാക്കാൻ ഈ നെഹ്‌റു സ്‌റ്റേഡിയത്തിലേയ്ക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മതി.
നെഹ്‌റു സ്‌റ്റേഡിയത്തിൽ മഴയിൽ അരയോളം വെള്ളമെത്തിയതോടെ അക്ഷരാർത്ഥത്തിൽ പെട്ടുപോയത് പാവം ക്ഷീര കർഷകരാണ്. കോട്ടയം നഗരത്തിലെ ക്ഷീരകർഷകർക്ക് പശുവിന് പുല്ല് ചെത്താൻ മറ്റൊരിടത്തും പോകേണ്ടിയിരുന്നില്ല. ഫുട്‌ബോളും ക്രിക്കറ്റും കബടിയും അത്‌ലറ്റിക്ക്‌സും കളിച്ചു കുട്ടികൾ വളരേണ്ട ഗ്രൗണ്ടിൽ ഇപ്പോൾ, വളരുന്നത് നല്ല കറുകപ്പുല്ലാണ്. ഈ പുല്ല് തിന്ന് പശുക്കളെങ്കിലും വളരുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് കോട്ടയത്തെ കായിക പ്രേമികൾ ഇപ്പോൾ പങ്കു വയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യായാമം എന്ന നിലയിൽ മൈതാനത്ത് നടക്കാൻ എത്തിയിരുന്ന കോട്ടയത്തെ നടപ്പുകാരും, നെഹ്‌റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് കണ്ട് ആശ്വാസത്തിലാണ്. മുട്ടറ്റം പൊങ്ങി നിന്നിരുന്ന കാടുകൾക്കിടയിൽ നിന്ന് ഏതു സമയത്താണ് പാമ്പ് ചാടി വരിക എന്നുള്ള ഭയത്തിലാണ് ഇവിടെ വ്യായാമത്തിനായി എത്തുന്നവർ നടന്നിരുന്നത്. വെള്ളം പൊങ്ങി നടപ്പ് മുടങ്ങിയതോടെ ഈ പാമ്പിനെ പേടിക്കണ്ടല്ലോ എന്ന ആശ്വാസം മാത്രമാണ് ഇവർക്കുള്ളത്.
കോട്ടയത്തെങ്ങാനും മെസിയെത്തിയാൽ കളിപ്പിക്കാനുള്ള നല്ല സുന്ദരമായ നെഹ്‌റു സ്റ്റേഡിയത്തിൽ ഇനി നമുക്ക് നെഹ്‌റു ട്രോഫി വള്ളം കളി നടത്താം. നെഹ്‌റുവിന്റെ പേരിലുള്ള സ്റ്റേഡിയമായതുകൊണ്ടു തന്നെ നെഹ്‌റു ട്രോഫി വള്ളംകളിയോളം മനോഹരമായ മറ്റൊരു കായിക ഇനവും ഈ സ്‌റ്റേഡിയത്തിൽ നടത്താനാവില്ല. അതുകൊണ്ടു തന്നെ നെഹ്‌റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഇത് പടി നിലനിർത്തി വള്ളംകളിയും, നീന്തൽ പരിശീലനവും തുടങ്ങുകയാവില്ലേ നല്ലത്. കുട്ടികൾ നീന്തിപ്പഠിച്ചു വളരട്ടേന്നെ…!