കോട്ടയം: മൂലവട്ടത്ത് യുവാവിന് നേരെ തെരുവുനായയുടെ ആക്രമണം. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിലാണ് യുവാവിനെ തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂലവട്ടം സ്വദേശിയായ അഭിലാഷ് കുമാറിനെയാണ് നായ കടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മേൽപ്പാലത്തിനു അടിയിലെത്തിയ യുവാവിനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ യുവാവ് ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തെ സ്‌കൂളുകളിലേയ്ക്കും നൃത്ത വിദ്യാലയങ്ങളിലേയ്ക്കും അടക്കം എത്തുന്ന കുട്ടികളെ നായ ആക്രമിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. പ്രദേശത്ത് തെരുവുനായക്കു ഭക്ഷണം കൊടുക്കുന്നവർ അടക്കം ഉണ്ട്. ഇവരാണ് നായ ശല്യം രൂക്ഷമാക്കുന്നതെന്നാണ് ആരോപണം. ഏതായാലും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.