കോട്ടയം: നഗരസഭയുടെ 211 കോടി രൂപ കാണാതായ സംഭവം അടക്കമുള്ള വിവാദങ്ങളിൽ നഗരസഭ സെക്രട്ടറിയ്ക്കു സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് സൂചന. നഗരസഭയിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരൻ ചെക്ക് മുക്കിയതു സംബന്ധിച്ചു നഗരസഭ അംഗം മൂന്നു മാസം മുൻപ് സെക്രട്ടറിയ്ക്കു കത്ത് നൽകിയിട്ടും വിഷയത്തിൽ മറുപടി പോലും നൽകാൻ സെക്രട്ടറി തയ്യാറായില്ല. ചെക്ക് മുക്കിയ അക്കൗണ്ടന്റിന് ഒരു മെമ്മോ പോലും നൽകാതിരുന്ന സെക്രട്ടറി, ഇയാൾക്ക് സുഖകരമായി യാത്രയയപ്പും ഒരുക്കി.
നഗരസഭയുടെ കുമാരനല്ലൂർ സോണിലെ ഗൃഹനാഥൻ വീട്ടുകരം അടയ്ക്കുന്നതിനു വേണ്ടി നൽകിയ ചെക്കാണ് അക്കൗണ്ടന്റ് മുക്കിയത്. ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചതോടെ നഗരസഭ അംഗം ജൂലിയസ് ചാക്കോ മൂന്നു മാസം മുൻപ് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകി. എന്നാൽ, ഇത് അന്വേഷിക്കാൻ പോലും സെക്രട്ടറി തയ്യാറായില്ല. ഈ വിഭാഗം കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടന്റാണ് ചെക്ക് കൃത്യമായി ബാങ്കിൽ സമർപ്പിക്കേണ്ടത്. എന്നാൽ, ഇതിനു പോലും സെക്രട്ടറി തയ്യാറായില്ല. ഇത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ കൃത്യമായി ചെക്ക് സമർപ്പിക്കാതെ വന്നതോടെയാണ് കോട്ടയം നഗരസഭയ്ക്ക് 211 കോടി രൂപയോളം നഷ്ടമായതെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. വിവിധ വാടക അടക്കമുള്ള ഇനങ്ങളിൽ നഗരസഭയിലെ അക്കൗണ്ട്സ് വിഭാഗം ആളുകളുടെ പക്കൽ നിന്നും ചെക്ക് വാങ്ങി വയ്ക്കും. എന്നാൽ, ഈ ചെക്ക് കൃത്യ സമയത്ത് സമർപ്പിക്കാതെ ഉദ്യോഗസ്ഥർ വൈകിപ്പിക്കും. ആറു മാസത്തോളം ചെക്ക് ഇത്തരത്തിൽ സൂക്ഷിക്കുന്നതോടെ കാലാവധി കഴിയുകയും ചെയ്യും. ഇത്തരത്തിലാണ് ഇപ്പോൾ 211 കോടി രൂപ നഷ്ടമായതെന്നാണ് വിവരം.
ഏതാണ്ട് പത്തു വർഷത്തോളമുള്ള തുകയാണ് ഈ വിധത്തിൽ നഷ്ടമായതെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും നിലവിൽ കോട്ടയം നഗരസഭയ്ക്കുണ്ടായ ഏറ്റവും ഗുരുതരമായ വീഴ്ചയാണ് ഇപ്പോൾ പണം നഷ്ടമായിരിക്കുന്നത്. നേരത്തെ നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് മൂന്നു കോടി രൂപയോളം സ്വന്തം അക്കൗണ്ടിലേയ്ക്കു തട്ടിയെടുത്തിട്ട് നാലു വർഷം വേണ്ടി വന്നു നഗരസഭ അധികൃതർക്ക് ഇത് തിരിച്ചറിയാൻ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തട്ടിപ്പ് ചൂണ്ടിക്കാട്ടിയിട്ടും നഗരസഭ സെക്രട്ടറി നടപടിയെടുക്കാത്തത്.