കോട്ടയം: നഗരസഭ ഭൂമി കയ്യേറിയവരെ സംരക്ഷിക്കാൻ ചിങ്ങവനം പൊലീസും നഗരസഭ കൗൺസിലറും ഒറ്റക്കെട്ട്. നഗരസഭ ഭൂമി കയ്യേറി വർക്ക്ഷോപ്പ് നിർമ്മിക്കുകയും, ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാതിരിക്കുകയും ചെയ്ത വർക്ക്ഷോപ്പ് ഉടമയെ സംരക്ഷിക്കാനാണ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്ഐ രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം നഗരസഭ 31 ആം വാർഡിലെ കൗൺസിലർ ഷീനാ ബിനുവിന്റെ നിർദേശാനുസരണമാണ് ഈ ഗ്രേഡ് എസ്ഐ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഷീനാ ബിനു ചില പ്രത്യേക താല്പര്യങ്ങളോടെ വർക്ക്ഷോപ്പ് ഉടമയ്ക്കു വേണ്ടി പ്രവർത്തിക്കുകയാണ് എന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഗ്രേഡ് എസ്ഐ സ്ഥിരമായി സ്ഥലത്ത് എത്തി വർക്ക്ഷോപ്പിനോടു ചേർന്നു താമസിക്കുന്ന സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തുന്നത്.
കോട്ടയം നഗരസഭ മൂലവട്ടം പ്രദേശത്ത് തൃക്കയിൽക്ഷേത്രം റോഡിലാണ് നഗരസഭയുടെ സ്ഥലത്ത് വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ ഈ വർക്ക്ഷോപ്പ് നഗരസഭ സ്ഥലത്താണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി. തുടർന്നു നഗരസഭ സെക്രട്ടറി ഈ വർക്ക്ഷോപ്പ് പൊളിച്ചു മാറ്റണമെന്നു നോട്ടീസ് നൽകി. എന്നാൽ, നഗരസഭ 31 ആം വാർഡ് അംഗമായ ഷീനാ ബിനു ഈ വർക്ക്ഷോപ്പ് പൊളിച്ചു മാറ്റുന്നതിനെ എതിർത്ത് നിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ വർക്ക്ഷോപ്പിന് സമീപത്തു താമസിക്കുന്ന സ്വകാര്യ വ്യക്തി സ്വന്തം വീട്ടിൽ ബാത്ത് റൂം നിർമ്മിക്കുന്നതിനു റോഡരികിൽ സിമന്റ് ഇഷ്ടിക ഇറക്കി. അനധികൃതമായി നിർമ്മിച്ച വർക്ക്ഷോപ്പ് പൊളിച്ചുമാറ്റാതിരിക്കാൻ സർവശ്രമവും നടത്തുന്ന കൗൺസിലർ ഷീനാ ബിനു ഈ കല്ലിറക്കിയ സ്വകാര്യ വ്യക്തിയ്ക്കെതിരെ ചിങ്ങവനം പൊലീസിൽ പരാതി നൽകി. തുടർന്ന്, രണ്ടാം ശനിയാഴ്ച ദിവസം നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് നോട്ടീസും ഇയാൾക്ക് നൽകി. സംഭവം വിവാദമായതോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ തനിക്ക് സ്വാധീനമുള്ള ഗ്രേഡ് എസ്ഐയെ ഉപയോഗിച്ച് ഷീനാ ബിനു സ്വകാര്യ വ്യക്തിയെ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്.
സ്വന്തം വീടിന്റെ ബാത്ത് റൂം നിർമ്മിക്കാൻ വേണ്ടിയാണ് ഇദ്ദേഹം സിമന്റ് ഇഷ്ടിക റോഡിൽ ഇറക്കിയത്. ഈ സിമന്റ് ഇഷ്ടിക നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കു മാറ്റുമെന്നാണ് സ്ഥലം ഉടമ പറയുന്നതും. എന്നാൽ, ഇവിടെ നിരന്തരം എത്തുന്ന ചിങ്ങവനം സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്ഐ ആണ് നിരന്തരം ഭീഷണി മുഴക്കുന്നത്. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകിയിട്ടും ഗ്രേഡ് എസ്ഐ തെല്ലും വഴങ്ങുന്നില്ല. വ്യക്തിപരമായ താല്പര്യത്തിന്റെ പുറത്ത് കൗൺസിലർ ഷീനാ ബിനു നടത്തുന്ന നീക്കങ്ങൾക്ക് കുടപിടിക്കുകയാണ് ചിങ്ങവനം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ. ഇത് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസറും, എസ്ഐയും അറിഞ്ഞാണോ നടക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.