കോട്ടയം : മൂലവട്ടത്തെ വർക്ക് ഷോപ്പ് വിവാദത്തിന് പിന്നാലെ കോട്ടയം നഗരസഭ കൗൺസിലർ ഷീനാ ബിനുവിനെ കൂടുതൽ പരാതി. മൂലവട്ടം 31 ആം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഹോട്ടൽ നടത്തിയ ശേഷം , ഈ ഹോട്ടൽ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. മൂലവട്ടത്തെ പരമ്പരാഗത കോൺഗ്രസ് അനുഭാവികളുടെ കുടുംബത്തിനാണ് നഗരസഭ കൗൺസിലറുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്. ഹോട്ടൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട കുടുംബത്തെ ഭീഷണിപ്പെടുത്തുകയും, ഇവർക്കെതിരെ കോടതിയിൽ പോയി സ്റ്റേ ഓർഡർ വാങ്ങുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.
കോട്ടയം നഗരസഭ 31-ആം വാർഡ് കൗൺസിലർ ഷീന ബിനുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് അരികിൽ കുറുപ്പംപടി ഭാഗത്ത് ഷീനാ ബിനുവിന്റെയും ഒരു സംഘം ആളുകളുടെയും നേതൃത്വത്തിൽ കുടുംബശ്രീ ഹോട്ടൽ എന്നപേരിൽ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം മുമ്പാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് വേണ്ടി എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഹോട്ടലിനു വേണ്ടി സ്ഥലം ഏറ്റെടുത്തതെന്ന് സ്ഥലം ഉടമ പറയുന്നു. എന്നാൽ ഒന്നോ രണ്ടോ സ്ത്രീകളെ ജോലിക്ക് നിർത്തിയ ശേഷം ബാക്കിയുള്ള പുരുഷന്മാരാണ് ഇവിടെ ജോലി ചെയ്തിരുന്നത് എന്നാണ് ഇവരുടെ പരാതി. ഇത് കൂടാതെ സന്ധ്യാസമയങ്ങളിൽ ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യപാനവും തങ്ങളുടെ വീട്ടിൽനിന്ന് വൈദ്യുതി മോഷണവും നടന്നതോടെയാണ് ഹോട്ടൽ പ്രവർത്തനം അവസാനിപ്പിക്കാൻ കുടുംബം നോട്ടീസ് നൽകിയത്.
എന്നാൽ , നോട്ടീസ് ലഭിച്ചതിന് പിന്നാലെ കൗൺസിലറും സംഘവും കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങിയെടുത്തു. ഇതിനുശേഷം തങ്ങൾക്കെതിരെ വ്യാജ പരാതി നൽകി കുടുംബത്തെ ബുദ്ധിമുട്ടിക്കാനാണ് കൗൺസിലറും സംഘവും ശ്രമിക്കുന്നതെന്നാണ് കുടുംബത്തിൻറെ പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൗൺസിലർ നടത്തുന്ന ഹോട്ടൽ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.