കോട്ടയം: അപടാവസ്ഥയിലാണെന്നു കോടതി കണ്ടെത്തി, നഗരസഭ ഒഴിപ്പിച്ച കോട്ടയം തിരുനക്കരയിലെ നഗരസഭ കെട്ടിടം ഷൂട്ടിംങിനായി നൽകി നഗരസഭ. നഗരസഭ കൗൺസിൽ അംഗീകാരം നൽകും മുൻപ്, നഗരസഭ ചെയർപേഴ്സൺ അനുവാദം നൽകും മുൻപാണ് ഒരു കൗൺസിലറുടെ കത്തിന്റെ മാത്രം ബലത്തിൽ കെട്ടിടം ഷൂട്ടിംങ് സംഘത്തിന് നൽകിയത്. ആറു ദിവസമായി കെട്ടിടത്തിനുള്ളിൽ ഷൂട്ടിംങ് സംഘത്തിന്റെ അറ്റകുറ്റപണികൾ നടക്കുകയാണ്. സംഭവം വിവാദമായെങ്കിലും ഇതുവരെയും ഷൂട്ടിംങ് നിർത്തി വയ്ക്കാൻ അടക്കമുള്ള നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.
കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന്, ഊട്ടി ലോഡ്ജും തിരുനക്കര ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിവേഗം വ്യാപാരികളെ ഒഴിപ്പിച്ചാണ് നഗരസഭ നടപടികൾ ആരംഭിച്ചത്. കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് ഇപ്പോൾ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാരുടെ താല്പര്യത്തിന്റെ പേരിൽ കെട്ടിടം ഷൂട്ടിംങിനായി വിട്ടു നൽകിയത്. ആറു ദിവസം മുൻപാണ് കെട്ടിടത്തിനുള്ളിൽ ഷൂട്ടിംങിനായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നേരത്തെ കെട്ടിടത്തിൽ ഷൂട്ടിംങ് നടത്തുന്നതിനു അനുവാദം നൽകണമെന്നാവശ്യപ്പെട്ട് സംഘം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ കത്ത് ലഭിച്ചെങ്കിലും ബിൻസി അനുകൂലമായി പ്രതികരിച്ചില്ല. ഇതിനിടെ വിഷയം കൗൺസിലിൽ ചർച്ചയ്ക്ക് എത്തുകയും ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചാൽ അനുമതി നൽകാമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അംഗങ്ങളിൽ പലരും ഈ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതിനിടെയാണ് നഗരസഭ അംഗം ധന്യമ്മയുടെ കത്തിന്റെ പേരിൽ ഷൂട്ടിംങിന് അനുവാദം നൽകിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും ബലക്ഷയത്തിന്റെ പേരിൽ കഴിഞ്ഞ വർഷമാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. ഈ കെട്ടിടമാണ് ഇപ്പോൾ സിനിമാ ഷൂട്ടിംങിനായി നൽകി വ്യാപാരികളെ വെല്ലുവിളിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.