കോട്ടയം: നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക യോഗം അൽപ സമയത്തിനകം. രാവിലെ 11 ന് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം ചേരുന്നത്. യോഗത്തിനു മുന്നോടിയായി നിലപാട് തീരുമാനിക്കുന്നതിനുള്ള ബിജെപി പാർലമെന്ററി പാർട്ടി യോഗം അൽപ സമയത്തിനകം ചേരും. കോൺഗ്രസും യുഡിഎഫും വിട്ടു നിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ബിജെപി നിലപാട് നിർണ്ണായകമാകും. ബിജെപിയും വിട്ടു നിന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനാവില്ല.
ഈ സാഹചര്യത്തിൽ ബിജെപി എന്ത് നിലപാട് എടുക്കും എന്നതാണ് കോട്ടയത്തെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കോട്ടയം നഗരസഭയിൽ ഭരണ സ്തംഭനം എന്നാരോപിച്ചാണ് നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 52 അംഗ കൗൺസിലിൽ 27 അംഗങ്ങളുടെ പിൻതുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ സാധിക്കൂ. എൽഡിഎഫിന് 22 അംഗങ്ങളുടെ പിൻതുണയുണ്ട്.