കോട്ടയം: സ്വന്തം സ്ഥലത്തിന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലാതെ കോട്ടയം നഗരസഭ. നഗരസഭയുടെ 31 ആം വാർഡിൽ തൃക്കയിൽ ക്ഷേത്രം റോഡിലെ നഗരസഭയുടെ സ്ഥലം കയ്യേറി നടത്തുന്ന വർക്ക്‌ഷോപ്പ് ഒഴിപ്പിക്കാൻ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതാണ് ആരോപണ വിധേയമായിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് കോട്ടയം നഗരസഭയുടെ സ്ഥലം കയ്യേറിയതായി പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് നഗരസഭ സ്ഥലം കയ്യേറിയതിന് എതിരെ നോട്ടീസ് നൽകുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം ഒഴിയാതെ വന്നിട്ടും നഗരസഭ നടപടികൾ ഒന്നും സ്വീകരിച്ചിട്ടേയില്ല.
സാധാരണഗതിയിൽ നഗരസഭയുടെ സ്ഥലം കയ്യേറി താല്കാലികമായെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തിയാൽ ഇത് ഒഴിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുന്നതാണ് പതിവ്. സ്ഥലം ഒഴിയാൻ തയ്യാറായില്ലെങ്കിൽ ബലമായി പൊലീസ് സഹായത്തോടെ സ്ഥലം ഒഴിപ്പിക്കുന്നതാണ് പതിവ്. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും സ്ഥലം ഒഴിപ്പിക്കുന്നതിനുള്ള നടപടി കോട്ടയം നഗരസഭ സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
31 ആം വാർഡിലെ കൗൺസിലർ ഷീനാ ബിനു ഈ വർക്ക്‌ഷോപ്പ് ഒഴിയുന്നതിന് തടസം നിൽക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനിടെ സമീപവാസിയായ വീട്ടുകാർ ബാത്ത് റൂം നിർമ്മിക്കുന്നതിനായി ഇവിടെ ഇറക്കിയ സിമന്റ് ഇഷ്ടിക നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ പരാതിയും വിവാദമായി മാറിയിട്ടുണ്ട്. ഇഷ്ടിക ഇറക്കിയത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ഈ കുടുംബത്തിന്റെ ബാംഗ്ലൂരിൽ പഠിക്കുന്ന മകളെ ഫോണിൽ ബന്ധപ്പെട്ട് ഭീഷണി മുഴക്കി എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ നിന്നെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ ബാംഗ്ലൂരിൽ പഠിക്കുന്ന മകളെ ഫോണിൽ ബന്ധപ്പെട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന സംശയവും ഉയരുന്നുണ്ട്.