കോട്ടയം: നഗരസഭയിൽ രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ആദ്യം മൂന്നരക്കൊടി രൂപയുമായി നഗരസഭയിലെ ക്ലർക്ക് സ്ഥലം വിട്ടു. പിന്നാലെ, നഗരസഭയിലെ 211 കോടി രൂപയുടെ വൻ തട്ടിപ്പിന്റെ കണക്കുകൾ ഓഡിറ്റ് വിഭാഗം പുറത്തു വിട്ടു. കോടികളുടെ തട്ടിപ്പുകളുടെ കണക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ബജറ്റ് മുൻ വർഷങ്ങളിൽ ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും അടക്കം നൽകിയിരുന്ന ഗിഫ്റ്റിന്റെ പേരിൽ പണപ്പിരിവ് നടന്നതായി ആരോപിച്ച് വിജിലൻസിൽ കോട്ടയത്തെ സ്ഥിരം പരാതിക്കാരിൽ ഒരാൾ പരാതി നൽകിയത്. ഈ പരാതിയിൽ ഉന്നം വയ്ക്കുന്നത് കോട്ടയം നഗരസഭ മുൻ ചെയർമാനും ഇപ്പോഴത്തെ വൈസ് ചെയർമാനുമായ ബി.ഗോപകുമാറിനെയായിരുന്നു. കോടികൾ കട്ടവർ സസുഖം വാഴുമ്പോൾ എല്ലാ വർഷവും ബജറ്റിനൊപ്പം നൽകുന്ന സമ്മാനത്തിന്റെ പേരിൽ ഇക്കുറി മാത്രം വൈസ് ചെയർമാനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ വാർത്തയുടെ പിന്നാമ്പുറം തേടിപോകുമ്പോഴാണ് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ സ്ഥാനമോഹവും ഗ്രൂപ്പ് കളിയും പുറത്ത് വരുന്നത്.
എ.ഐ ഗ്രൂപ്പുകളെ കൂടാതെ കോട്ടയം നഗരസഭയിൽ മാത്രം ഇതിനോടകം തന്നെ കോൺഗ്രസിനുള്ളിൽ വലിയ ഗ്രൂപ്പ് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നേരത്തെ രഹസ്യമായി നടന്നിരുന്ന ഗ്രൂപ്പ് പോര് ഇപ്പോൾ പരസ്യമായതായാണ് വ്യക്തമാകുന്നത്. ഈ യുദ്ധത്തിന് എം.പി സന്തോഷ്കുമാർ നേതൃത്വം നൽകുന്ന ഗ്രൂപ്പ് കോട്ടയത്തെ സ്ഥിരം പരാതിക്കാരനെ ഉപയോഗിക്കുന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്ത് കാണുന്നത്. ബജറ്റിന്റെ പേരിൽ പിരിവ് നടത്തിയതായുള്ള ആരോപണവും, പിന്നാലെ വിജിലൻസിന് പരാതിയും നൽകിയത് ഈ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് എന്നാണ് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം തന്നെ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2000 ത്തിലാണ് കോട്ടയം നഗരസഭയിൽ ബജറ്റിനൊപ്പം ഗിഫ്റ്റ് നൽകുന്ന സമ്പ്രദായം ആരംഭിച്ചത്. നിലവിൽ കോട്ടയം നഗരസഭയിൽ മാത്രമല്ല സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിൽ കൗൺസിലർമാരും, അംഗങ്ങൾക്കും ജീവനക്കാർക്കും ഗിഫ്റ്റ് നൽകുന്ന സമ്പ്രദായം നിലവിലുണ്ട്. ഇത്തരത്തിൽ ഗിഫ്റ്റ് നൽകുന്നതിന് സ്പോൺസർമാരെ കണ്ടെത്തിയാണ് പണം കണ്ടെത്തുന്നത്. എന്നാൽ, കോട്ടയം നഗരസഭയിൽ മാത്രം ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി ആദ്യമായാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ബജറ്റ് മുതൽ ഇതിനുള്ള ഗൂഡാലോചന നടന്നിരുന്നു എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ബജറ്റിന്റെ ഭാഗമായി ഗിഫ്റ്റ് നൽകിയപ്പോൾ ഈ ഗിഫ്റ്റ് വാങ്ങാതെ നാലു കൗൺസിലർമാർ മാറി നിന്നിരുന്നു. ദമ്പതിമാരായ കൗൺസിലർമാരും, ഇവരുടെ ശിങ്കിടിയായ മറ്റൊരു കൗൺസിലറും പ്രതിപക്ഷത്തെ മറ്റൊരു കൗൺസിലറുമാണ് അന്ന് ഗിഫ്റ്റ് വാങ്ങാതെ മാറി നിന്നത്. ഇത് ഗൂഡാലോചനയുടെ ഭാഗമായാണ് എന്നാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം സംശയിക്കുന്നത്.
ഇതിനിടെയാണ് കോട്ടയം നഗരത്തിലെ സ്ഥിരം പരാതിക്കാരൻ തന്റെ സ്ഥാപനം നടത്തുന്ന പരിപാടികൾക്ക് സ്ഥിരമായി സൗജന്യമായി തിരുനക്കര മൈതാവും മാമ്മൻമാപ്പിള ഹാളും വിട്ടു നൽകണമെന്ന ആവശ്യം ഉയർത്തി രംഗത്ത് എത്തിയത്. നിലവിൽ വൈസ് ചെയർമാനായ ബി.ഗോപകുമാർ കൗൺസിൽ യോഗത്തിൽ ഇതിനെ എതിർത്തു. ഇതേ തുടർന്ന് ഇവർ നടത്തിയ പരിപാടികൾക്ക് മൂന്നു തവണയും സൗജന്യമായി ഈ മൈതാനങ്ങൾ വിട്ടു നൽകിയില്ല. ഇതാണ് ഈ സ്ഥിരം പരാതിക്കാരന് തിരിച്ചടി കിട്ടിയത്. ഇതേ തുടർന്ന് ഈ സ്ഥിരം പരാതിക്കാരന്റെ വൈരാഗ്യം കോൺഗ്രസിലെ ഗോപകുമാർ വിരുദ്ധ ഗ്രൂപ്പ് മുതലെടുക്കുകയായിരുന്നു.
അടുത്ത തവണ നഗരസഭ ചെയർമാൻ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. യുഡിഎഫ് മുന്നണിയ്ക്ക് അധികാരം ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് ആദ്യ പരിഗണന ലഭിക്കുക നിലവിൽ കോൺഗ്രസിൽ ഏറ്റവും സീനിയറായ ബി.ഗോപകുമാറിനാകും. ഇത് കണക്കു കൂട്ടി ഇദ്ദേഹത്തെ ഒഴിവാക്കാനാണ് ചെയർമാൻ സ്ഥാനം മോഹിക്കുന്ന എം.പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഇപ്പോൾ പരാതികൾ നിരന്തരം തയ്യാറാക്കുന്നതെന്നാണ് കോൺഗ്രസിനുള്ളിലെ തന്നെ ഒരു വിഭാഗം പറയുന്നത്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോർ വാരിക്കുന്നത് പോലെ, കാര്യമറിയാതെ സ്ഥിരം പരാതിക്കാരൻ നഗരസഭ മുൻ ചെയർമാന് എതിരെ നിരന്തരം പരാതി അയക്കുകയാണ്. ഇദ്ദേഹത്തിന് എതിരെ വിജിലൻസിൽ പരാതിയുണ്ടെന്ന പേരിൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനും എം.പി സന്തോഷ്കുമാറിനെ അടുത്ത നഗരസഭയിൽ ചെയർമാൻ ആക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോൾ ഈ പരാതികൾക്കു പിന്നിലെന്നാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വിലയിരുത്തുന്ന ആർക്കും മനസിലാകുന്നത്. കാര്യമറിയാതെ സ്ഥിരം പരാതിക്കാരായ കുട്ടിക്കുരങ്ങന്മാർ നിർദേശം അനുസരിച്ചു ചാടിക്കളിക്കുന്നു എന്നു മാത്രം..!