തട്ടിപ്പിന്റെ നരകസഭ…! ഭാഗം – 1
കോട്ടയം: കോട്ടയം നഗരസഭയെന്ന പേരിനൊപ്പം ഇന്ന് ചേർത്തു വയ്ക്കാവുന്നത് തട്ടിപ്പ് എന്നാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തട്ടിപ്പിന്റെ പുതിയ പുതിയ കഥകളാണ് കോട്ടയം നഗരസഭയിൽ നിന്നും പുറത്ത് വരുന്നത്. മൂന്നു കോടിയുമായി നഗരസഭയിലെ ഒരു ക്ലർക്ക് മുങ്ങിയിട്ട് ആറു മാസം തികയും മുൻപാണ് കോട്ടയം നഗരസഭയിലെ പുതിയ തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്. കോട്ടയത്ത് എന്തുകൊണ്ട് ഇത്ര തട്ടിപ്പും വെട്ടിപ്പും നിർബാധം നടക്കുന്നു എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്. തട്ടിപ്പിനും വെട്ടിപ്പിനും കുടപിടിച്ചു നൽകുന്ന കാട്ടുകള്ളന്മാരായ രാഷ്ട്രീയക്കാരാണ് കോട്ടയത്തെ ഉദ്യോഗസ്ഥർക്ക് കക്കാനും കട്ടത് ഒളിപ്പിക്കാനും കുട പിടിക്കുന്നത്. അതുകൊണ്ടു തന്നെ കോട്ടയം നഗരസഭയുടെ ഓഫിസ് മുറിയ്ക്ക് വീൽ സ്ഥാപിച്ച് ഒരു രാത്രിയിൽ വീട്ടിൽ കൊണ്ടു പോയാലും സംശയിക്കേണ്ടതില്ലെന്ന സാഹചര്യമാണ് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഓഗസ്റ്റ് ഏഴിനാണ് കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവിലൂടെ പുറത്ത് വരുന്നത്. മൂന്നു കോടിയോളം രൂപ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ സി.വർഗീസ് എന്ന ക്ലർക്ക് മോഷ്ടിച്ചു വീട്ടിൽ കൊണ്ടു പോയി എന്നതായിരുന്നു കേസ്. അഞ്ചു മാസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താനോ തുക തിരികെ പിടിക്കാനോ നഗരസഭയോ, പൊലീസോ നടപടിയെടുത്തിട്ടില്ല. ആദ്യം കോട്ടയം വെസ്റ്റ് പൊലീസും, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും അഖിലനെ കണ്ടെത്താൻ സാധിച്ചില്ല. അഖിൽ ഇപ്പോഴും കാണാമറയത്ത് തന്നെ.
അഖിൽ സി വർഗീസിന്റെ തട്ടിപ്പ് ആഗസ്റ്റിൽ പുറത്തു വന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി നഗരസഭ കേന്ദ്രീകരിച്ച് ഇയാൾ കൊള്ള നടത്തിയിരുന്നു എന്നാണ് വിവരം. ഈ വിഷയത്തിൽ കോട്ടയം നഗരസഭയിലെ നാലു ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് അധികൃതർ തലയൂരി. ഡിവൈഎഫ്‌ഐയും, ബിജെപിയും കോൺഗ്രസയും യൂത്ത് കോൺഗ്രസും കൊടികെട്ടിയ സമരങ്ങൾ തുടങ്ങി വച്ചെങ്കിലും അഖിലും നഗരസഭയുടെ കാശും കാണാതായത് ജനം മറന്നെന്നുറപ്പായതോടെ സമരങ്ങളും അപ്രത്യക്ഷമായി തുടങ്ങി. എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി കൗൺസിലർമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൈകോർത്തിരുന്നു. നഷ്ടമുണ്ടായത് സാധാരണക്കാർക്ക് മാത്രം.
അഖിൽ പെൻഷൻ ഫണ്ടുമായി മുങ്ങിയതിനു പിന്നാലെ കോട്ടയം നഗരസഭയിൽ ആകെ മുടങ്ങിയത് സാധാരണക്കാരായ സർവീസ് പെൻഷൻകാരുടെ പണമാണ്. അന്വേഷണം പൂർത്തിയാകാതത്തിന്റെ പേരിൽ ഓണത്തിന് പോലും പെൻഷൻ വൈകി. ഇതോടെ പെൻഷൻകാർക്ക് നഗരസഭ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട സാഹചര്യവും ഉണ്ടായി. കൊള്ളകൾക്കെല്ലാം ഒപ്പിട്ട് കൊടുത്തിരുന്ന നഗരസഭ സെക്രട്ടറിമാർക്ക് ഒന്നിനും എതിരെ യാതൊരു വിധ നടപടിയും ഉണ്ടായില്ല. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥർക്ക് ഇനിയും ആത്മാർത്ഥമായി കക്കാം..!
ഭാഗം രണ്ട്: ചെക്ക് ആവിയാകുന്ന മാജിക്..!