കോട്ടയം: നഗരസഭ കൗൺസിലർ ഷീനാ ബിനു അനധികൃതമായി ഭൂമി കയ്യേറി ഹോട്ടൽ സ്ഥാപിക്കുകയും, ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതോടെ കേസിൽ കുടുക്കുകയും ചെയ്ത കുടുംബം കോൺഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായി. കോട്ടയം മൂലവട്ടത്ത് നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിലെ കുന്നേപ്പറമ്പിൽ കുടുംബമാണ് സിപിഎമ്മിന്റെ ഭാഗമായത്. കോട്ടയം മൂലവട്ടത്ത് നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ കുടുംബത്തെ സ്വീകരിച്ചു. ഈ കുടുംബത്തിന്റെ സ്ഥലത്ത് കുടുംബശ്രീയുടെ പേരിൽ ഹോട്ടൽ സ്ഥാപിക്കുകയും, ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇവരെ കേസിൽ കുടുക്കുകയും ചെയ്തതോടെയാണ് കുടുംബം കൗൺസിലർ ഷീനാ ബിനുവിന് എതിരെ രംഗത്ത് എത്തിയത്.
സിപിഎം മാടമ്പുകാട് ബ്രാഞ്ച് കമ്മിറ്റിയും, ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും ചേർന്ന് വിദ്യാർത്ഥികൾക്കായി നടത്തിയ പഠനോപകരണ വേദിയിലാണ് കുടുംബം സിപിഎമ്മിനൊപ്പം ചേർന്നത്. അഞ്ചു പതിറ്റാണ്ടോളമായി ഈ കുടുംബം അടിയുറച്ച കോൺഗ്രസ് പ്രവർത്തകരായിരുന്നു. ഈ കുടുംബത്തിന്റെ സ്ഥലം കയ്യേറിയാണ് ഷീനാ ബിനുവും സംഘവും കുടംബശ്രീയ്ക്ക് എന്ന പേരിൽ ഹോട്ടൽ നടത്തിയത്. മകൻ വിദേശത്തും, പെൺമക്കൾ ഭർത്താവിന്റെ വീട്ടിലുമായതിനാൽ വിധവയായ വീട്ടമ്മ തനിയെയാണ് ഇവിടെ കഴിഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ അടുത്താണ് കുടുംബശ്രീ ഹോട്ടൽ തുടങ്ങാനെന്ന വ്യാജേനെ കോൺഗ്രസ് കൗൺസിലർ എത്തിയത്. തുടർന്ന്, ഇവരെ തെറ്റിധരിപ്പിച്ച് കോൺഗ്രസ് കൗൺസിലറും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ നടത്തുകയായിരുന്നു. വീടിന് ശല്യമായ രീതിയിൽ ഹോട്ടൽ മാറിയതോടെ വീട്ടമ്മ ഹോട്ടൽ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ, ഇത് തിരസ്‌കരിച്ച കൗൺസിലർ കുടുംബത്തെ കോടതി കയറ്റുകയായിരുന്നു. ഇവിടേയ്ക്കു അനധികൃതമായി വൈദ്യുതി എടുത്തതിൽ സംശയം തോന്നിയ വീട്ടമ്മ സംശയം തോന്നി നടത്തിയ പരിശോധനയിൽ തന്റെ വ്യാജ ഒപ്പിട്ടാണ് വൈദ്യുതി കണക്ഷനായി സമ്മതപത്രം സംഘടിപ്പിച്ചതെന്നു കണ്ടെത്തി.
ഇതു സംബന്ധിച്ചു ചിങ്ങവനം പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുമുണ്ട്. എന്നാൽ, വിഷയത്തിൽ പരാതിയുമായി കോൺഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും എല്ലാവരെയും ഷീനാ ബിനു തെറ്റിധരിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് ആരോപണം. ഇതോടെയാണ് കുടുംബം സഹായം അഭ്യർത്ഥിച്ചു സിപിഎമ്മിനെ സമീപിച്ചത്. ഇതിന്റെ ഭാഗമായി ചേർന്ന യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ബി.ശശികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി നോമി മാത്യു, അഡ്വ.ഷീജ അനിൽ, വിഷ്ണു ഗോപാൽ എന്നിവർ പ്രസംഗിച്ചു.