കോട്ടയം: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇല്ലങ്കിലും പണം നൽകണമെന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ നിർദേശത്തെച്ചൊല്ലി കോട്ടയം നഗരസഭയിൽ നടക്കുന്നത് വലിയ തർക്കമാണ്. കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ മോശമായി പെരുമാറിയതായി ആരോപിച്ച് ഹരിത കർമ്മ സേനാംഗങ്ങൾ രംഗത്ത് എത്തുകയും, വൈസ് ചെയർമാന്റെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായാണ് ഇപ്പോൾ വൈസ് ചെയർമാൻ രംഗത്ത് എത്തിയിരിക്കുന്നത്.
ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോപണം ഇങ്ങനെ –
കോട്ടയം നഗരസഭയിലെ വൈസ് ചെയർമാൻ ഗോപകുമാറിന്റെ വാർഡിലെ കടകളിലും, ഇദ്ദേഹത്തിന്റെ തന്നെ തിരുനക്കര മൈതാനത്തിനു സമീപത്തെ സ്ഥാപനത്തിലും എത്തി പ്ലാസ്റ്റിക്ക് മാലിന്യം ആവശ്യപ്പെടുകയും യൂസർ ഫീ ചോദിക്കുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇവിടെ എത്തിയപ്പോൾ മാലിന്യം ഇല്ലന്ന് കടയിലുണ്ടായിരുന്ന ഗോപകുമാറിന്റെ ഭാര്യ പറഞ്ഞതായി ഹരിതകർമ്മ സേനാംഗങ്ങൾ പറയുന്നു. ഇതേ തുടർന്ന്, പണം നൽകണമെന്നു ഹരിതകർമ്മ സേനാംഗങ്ങൾ അറിയിച്ചു. എന്നാൽ, പണം നൽകാനാവില്ലെന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞു. ഇതോടെ സമീപത്തെ കടകളിൽ ഹരിത കർമ്മ സേനാംഗങ്ങൾ കയറി. ഇതോടെ ഈ കടകളിൽ നിന്നും പണം നൽകേണ്ടെന്നു വൈസ് ചെയർമാൻ അറിയിച്ചതായി ഇവർ പറഞ്ഞു. ഇതിനിടെ ഇവിടെ എത്തിയ വൈസ് ചെയർമാൻ ബി.ഗോപകുമാർ തങ്ങളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ഗോപകുമാർ പറയുന്നു –
നോക്കു കൂലി പോലെ ഭീഷണിപ്പെടുത്തിയാണ് ഹരിതകർമ്മ സേനാംഗങ്ങൾ പണപ്പിരിവ് നടത്തുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇല്ലാത്ത സ്ഥലത്തു നിന്നും ബലമായും നിർബന്ധമായും ഹരിതകർമ്മ സേന യൂസർ ഫീസ് പിരിക്കുന്നുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ടത്. മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. വ്യാപാരികളുടെയും സാധാരണക്കാരുടെയും പ്രശ്്ങ്ങൾ കേൾക്കുന്നതിനു വേണ്ടിയുള്ള ഇടപെടൽ മാത്രമാണ് നടത്തിയത്. മറിച്ചുള്ള പ്രചാരണത്തിലും പ്രതിഷേധത്തിനും യാതൊരു അടിസ്ഥാനവുമില്ലന്നും അദ്ദേഹം പറഞ്ഞു.
യാഥാർത്ഥ്യം ഇങ്ങനെ –
കോട്ടയം നഗരസഭയിൽ മാത്രമല്ല എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിൽ യൂസർ ഫീസ് പിരിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾ ഇത്തരത്തിൽ പ്രവർത്തനത്തിന് ഇറങ്ങുന്നത്. കോടതി അനുമതിയോടെയാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, തങ്ങൾ നിശ്ചയിക്കുന്ന ഫീസ് ഓരോ കടകളിൽ നിന്നും വീടുകളിൽ നിന്നും ഈടാക്കുന്നതിനും സാധിക്കും. കോട്ടയം നഗരസഭയിൽ കടകളിൽ നിന്നും 150 രൂപയും, വീടുകളിൽ നിന്നും 60 രൂപയുമാണ് ഈടാക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നു പോലും ഇത്തരത്തിൽ യൂസർ ഫീ പിരിക്കണമെന്നാണ് നിർദേശം. പ്ലാസ്റ്റിക്ക് കത്തിക്കുന്നതും, പ്ലാസ്റ്റിക്ക് റോഡിൽ ഉപേക്ഷിക്കുന്നതും ഒഴിവാക്കുന്നതിനായാണ് ഇത്തരത്തിൽ കർശന നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.