കോട്ടയം: മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പനച്ചിക്കാട് കുഴിമറ്റം സദനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പിൽ പൊന്നപ്പനാണ് (59) ആണ് മരിച്ചത്. ഇയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകളുടെ ഭർതൃപിതാവ് കുഴിമറ്റം കാവനാടി പാലത്തിനു സമീപം നാലുകണ്ടത്തിൽ വീട്ടിൽ രാജുവിനെ (59) വിഷം ഉള്ളിൽ ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂൺ 19 വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നപ്പന്റെ മകൾ ആര്യ വിവാഹം കഴിച്ചിരിക്കുന്നത് രാജുവിന്റെ മകനെയാണ്. രാജുവിന്റെ മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്യാൻ ഇന്ന് വൈകിട്ട് ആറു മണിയോടെ രാജു പൊന്നപ്പന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന്, രണ്ടു പേരും തമ്മിൽ തർക്കം ഉണ്ടാകുകയും, രാജു പൊന്നപ്പനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുത്തേറ്റ പൊന്നപ്പനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ വിവരം അറിഞ്ഞ ഉടൻ രാജു വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജുവിനെ തേടി ചിങ്ങവനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രാജു അപകട നില തരണം ചെയ്തതായാണ് സൂചന. മരിച്ച പൊന്നപ്പന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.