കോട്ടയം: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി ലെയിൻ ട്രാഫിക് ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ കോട്ടയം ഓഫിസിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ലെയിൻ ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും പരിശോധനയും ബോധവത്കരണവും നടപ്പാക്കിയത്.
കോട്ടയം ജില്ലയിൽ ആർടിഓ കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശേരി ഉഴവൂർ പാലാ കാഞ്ഞിരപ്പള്ളി വൈക്കം എന്നീ ഓഫിസുകളിലെ ജോയിന്റ് ആർടിഓമാർ , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, സേഫ് സോണിലെ ഉദ്യോഗസ്ഥർ തുടങ്ങിയ അറുപതോളം പേരാണ് പരിശോധനകൾക്കടക്കം നേതൃത്വം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനകളുടെ ഭാഗമായി ഡ്രൈവർമാർക്ക് ജില്ലയിൽ ലഘുലേഖകൾ വിതരണം ചെയ്തു. വേഗത കുറഞ്ഞ വാഹനങ്ങൾ റോഡിന്റെ ഇടത് വശം ചേർന്നു പോകുന്നതിനും, ലെയിൻ ട്രാഫിക് അനുസരിച്ച് വാഹനം ഓടിക്കുന്നതിനും പരിശോധനയിൽ നിർദേശം നൽകി. ഉഴവൂരിലെ കുറവിലങ്ങാട്, പുതുവേലി, വൈക്കത്ത് വല്ലകം, ചങ്ങനാശേരി റെയിൽവേ ജംഗ്ഷൻ, തെങ്ങണ, പാലാത്ര ബൈപ്പാസ്, കുരിശുമ്മൂട്, കാഞ്ഞിരപ്പള്ളിയിൽ കുമളി റോഡ് , കോട്ടയത്ത് കോടിമത , ടൗൺ ജംഗ്ഷൻ, പട്ടിത്താനം ബൈപ്പാസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്കായി 225 വാഹനങ്ങളിൽ നിന്നും 2,10,000 രൂപ പിഴ ഈടാക്കി.