കോട്ടയം: നാഗമ്പടത്ത് മീനച്ചിലാറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം നാൽപ്പത് വയസ് തോന്നിക്കുന്ന ആളുടേതെന്നു റിപ്പോർട്ട്. നാഗമ്പടത്ത് മീനച്ചിലാറ്റിൽ ദർശന അക്കാദമിയ്ക്കു സമീപത്തെ കടവിലാണ് അജ്ഞാത മൃതദേഹം രാവിലെ 11 മണിയോടെ കരയ്ക്കടിഞ്ഞത്. മീനച്ചിലാറ്റിൽ പഴയ പാലത്തിന്റെ തൂണിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകി വരുന്നത് കണ്ട നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനാ സംഘം റബർ ഡിങ്കി ഉപയോഗിച്ച് മീനച്ചിലാറ്റിൽ ഇറങ്ങിയാണ് മൃതദേഹം കരയ്ക്കെത്തിയത്. അഗ്നിരക്ഷാ സേനാ ഓഫിസർ കുര്യാക്കോസാണ് മൃതദേഹം മീനച്ചിലാറ്റിൽ നിന്നും വലിച്ച് കരയ്ക്ക് കയറ്റിയത്. പൊലീസ് കൺട്രോൾ റൂം എസ്ഐ സന്തോഷ്, എസ്ഐ ജാഫർഖാൻ, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിൻ, സിവിൽ പൊലീസ് ഓഫിസർ അരുൺ, സിവിൽ പൊലീസ് ഓഫിസർ സോണി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇവിടെ നിന്നും മൃതദേഹം പുറത്തെടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. നാൽപ്പത് വയസ് തോന്നിയ്ക്കുന്ന പുരുഷന്റെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മരണ കാരണം വ്യക്തമല്ല.