സ്റ്റേഷനിൽ നിന്ന് പത്ത് മിനിറ്റ് നേരത്തെയിറങ്ങിയ സിവിൽ പൊലീസ് ഓഫിസർ അനീഷ്; രക്തം നൽകാൻ കാരിത്താസ് ആശുപത്രിയിലേയ്ക്കു യാത്ര ചെയ്ത വിനയൻ; അജ്ഞാത നായ ആ മനുഷ്യൻ..! തന്റെ ജീവൻ രക്ഷിച്ച മൂന്നംഗ സംഘത്തിന് നന്ദി പറഞ്ഞ് ബാബു ജോസഫ്; നാഗമ്പടത്ത് കുഴഞ്ഞു വീണ ബാബുവിനെ ജീവിതത്തിലേയ്ക്കു മടക്കി കൊണ്ടു വന്നത് ദൈവത്തിന്റെ കരം തൊട്ട മൂന്നു മനുഷ്യർ

കോട്ടയം: നീ പത്തു മിനിറ്റി നേരത്തെ പൊയ്‌ക്കോ… അത്രയും ദൂരം പോകേണ്ടതല്ലേ…!!!! കോട്ടയം ട്രാഫിക് എസ്.ഐ രാജേഷിന്റെ സ്‌നേഹ പൂർണമായ നിർദേശം ഒരു ജീവൻ രക്ഷിക്കാനായിരുന്നു എന്ന് സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകിന് തിരിച്ചറിയാൻ ഏതാണ്ട് പത്തു മിനിറ്റിന്റെ യാത്ര മാത്രം മതിയായിരുന്നു..! അനീഷും ബിഎംഎസ് നേതാവ് വിനയനും അജ്ഞാതനായ ആ മനുഷ്യനും ചേർന്ന് നടത്തിയ യാത്ര ഒരു ജീവനും കയ്യിൽ പിടിച്ചായിരുന്നു. ആ സാഹസിക യാത്രയ്‌ക്കൊടുവിൽ കാരിത്താസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ചില്ലു കൂട്ടിൽ നിന്നും ബാബു ജോസഫിന്റെ ചെറു പുഞ്ചിരി ലഭിച്ചതോടെയാണ് ഈ മൂവർ സംഘത്തിന് ആശ്വാസമായത്.

Advertisements

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അത് വരെ പരസ്പരം യാതൊരു പരിചയവുമില്ലാതിരുന്ന സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകും, ബിഎം.എസ് ജില്ലാ പ്രസിഡന്റ് എസ്.വിനയനും , മറ്റൊരു യുവാവും നാഗമ്പടം ഭാഗത്ത് കൂടി യാത്ര ചെയ്തു വരുന്നതിനിടെയാണ് റോഡരികിൽ ഒരു കാർ അസ്വാഭാവിക നിലയിൽ കണ്ടെത്തുന്നത്. കാറിനുള്ളിൽ നിന്നും ആരോ അപായ സൂചന കാട്ടി കൈ ഉയർത്തുന്നത് കണ്ടതോടെ നാട്ടുകാർക്കൊപ്പം ഈ മൂന്നു പേരും അതിവേഗം കാറിന് അടുത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻജിൻ ഓഫ് ചെയ്യാതെ റോഡരികിൽ നിർ്ത്തിയിട്ടിരുന്ന കാറിനുള്ളിൽ നോക്കിയപ്പോഴാണ് ഡ്രൈവിംങ് സീറ്റിലിരുന്ന വ്യക്തി വായ്ക്കുള്ളിൽ നിന്നും നുരയും പതയും വന്ന് വേച്ചു വേച്ച് പോകുന്നത് കണ്ടത്. ഉടൻ തന്നെ സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയക് ഡ്രൈവിംങ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിന് സിപിആർ നൽകാൻ ആരംഭിച്ചു. ഇതിനിടെ വിനയൻ 108 ആംബുലൻസിൽ വിളിച്ചു. റോഡരികിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് ഓടിയെത്താൻ വൈകുമെന്ന് കണ്ടതോടെ വിനയനും, അനീഷും ചേർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിൻ സീറ്റിലേയ്ക്കു കിടത്തി.

ഈ സമയം അജ്ഞാതനായ ആ യുവാവ് കാറിന്റെ ഡ്രൈവിംങ് സീറ്റിൽ എത്തിക്കഴിഞ്ഞിരുന്നു. ആംബുലൻസിന് കാത്തു നിൽക്കാതെ മൂന്നു പേരും അതിവേഗം കാരിത്താസ് ആശുപത്രിയിലേയ്ക്കു കുതിച്ചു. ആംബുലൻസ് ആയി മാറിയ കാർ കാരിത്താസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി, രോഗിയെ അകത്തേയ്ക്കു പ്രവേശിപ്പിച്ച ശേഷം കാറോടിച്ച അജ്ഞാതൻ മറ്റൊരു കാറിൽ കയറി യാത്രയായി. അനീഷും വിനയനും ആശുപത്രിയ്ക്കു മുന്നിൽ നിന്നു. ഇതിനിടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന രേഖകളിൽ നിന്നും കാറിനുള്ളിൽ കുഴഞ്ഞു വീണ കിടന്ന ആൾ സതീഷ് ധവാൻ സ്‌പേസ് റിസേർച്ച് സെന്റർ മുൻ ഉദ്യോഗസ്ഥൻ ബാബു ജോസഫാണ് എന്ന് ഇരുവരും തിരിച്ചറിഞ്ഞു. കാരിത്താസ് ആശുപത്രി അധികൃതർ ബാബു ജോസഫിന്റെ കുടുംബത്തെ വിവരം അറിയിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിൽ നിന്നും മടങ്ങിയത്. കാരിത്താസിൽ നിന്നും സ്വകാര്യ ബസിൽ നാഗമ്പടത്ത് ഇറങ്ങി ബൈക്ക് എടുത്ത ശേഷമാണ് സ്വന്തം നാടായ കുറുപ്പന്തറയിലേയ്ക്കു കോട്ടയം ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയക് മടങ്ങിയത്. മുൻ നിശ്ചയിച്ച പ്രകാരം കാരിത്താസ് ആശുപത്രിയിലെ രോഗിയ്ക്ക് രക്തം നൽകിയ വിനയനും പിന്നീട് ആശുപത്രിയിൽ നിന്നും മടങ്ങി. ഇവർ കൃത്യ സമയത്ത് സിപിആർ നൽകി ജീവൻ രക്ഷപെടുത്തിയ ബാബു ജോസഫ് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് സേനയുടെ ഭാഗമാകും മുൻപ് നഴ്‌സിംങ് ജോലിയും ചെയ്തിട്ടുണ്ട് അനീഷ്.

Hot Topics

Related Articles