കോട്ടയം: കനത്ത മഴയിൽ പള്ളിക്കത്തോട് അരുവിക്കുഴി നിവാസികൾ അപകട ഭീതിയിൽ. അരുവിക്കുഴി പ്രദേശത്തെ മരങ്ങൾ അപകടകരമായി നിൽക്കുന്നതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പള്ളിക്കത്തോട് അരുവിക്കുഴിയിലാണ് നാട്ടുകാർക്കും വീട്ടുകാർക്കും ഭീഷണിയായി മരങ്ങൾ നിൽക്കുന്നത്.


നിരവധി തവണ പഞ്ചായത്തിനോട് മരം വെട്ടി മാറ്റുന്നതിന് വേണ്ടി നാട്ടുകാർ ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. ഇതേ തുടർന്ന് വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും പഞ്ചായത്ത് അധികൃതർ കൃത്യമായി ഇടപെടാത്തത് മൂലം മരങ്ങൾ വെട്ടി നീക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി തോട് പുറമ്പോക്ക് നിവാസികളായ പത്തോളം ദലിത് കുടുംബങ്ങൾ ദുരിതാവസ്ഥയിലാണ് ജീവിക്കുന്നത്. വാർഡ് മെമ്പറെ നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ലന്നും പരാതിയുണ്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ ഈ വാർഡിലെ പ്രതിനിധി കോൺഗ്രസിന്റെ അംഗമാണ്.