പനച്ചിക്കാട് : ബുധനാഴ്ച രാവിലെ 10 മണിയോടുകൂടി ചാന്നാനിക്കാട് കുന്നത്ത് കടവിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്കാണ് ആദ്യം കടിയേറ്റത്. ചാന്നാനിക്കാട് കണ്ണംകുളംഭാഗത്ത് രതീഷ് ഭവനിൽ ലതികാ രാജനെയാ (58)ണ് നായ കടിച്ചത്. മുഖത്തും കവിളിലും കടിയേറ്റ ലതികയുടെ രണ്ടു പല്ലുകൾ ഇളകിപ്പോയി. 12 മണിക്ക് ശേഷം കൊല്ലാട് പുളിമൂട് കവലയ്ക്ക് സമീപം ഒരു വീടിന്റെ മുറ്റത്ത് ബന്ധുക്കളോടൊപ്പം കുംഭകുട ചെണ്ട് കെട്ടുകയായിരുന്ന ചോഴിയക്കാട് സ്വദേശി ജോനകംപറമ്പിൽ അനന്തകൃഷ്ണന്റെ (26) മുഖത്ത് നായയുടെ കടിയേറ്റു.
തൊട്ടടുത്ത വീടായ തടത്തിൽ ജനാർദ്ദനന്റെ (71) കൈയിലും വീട്ടിലെ ആടിനെയും കടിച്ചു. എല്ലാ വരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സമീപ വീടുകളിലെ വളർത്തു നായ്ക്കളെയും പൂച്ചകളെയും കടിച്ചു. വിവരമറിഞ്ഞെത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെയും ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെയും പഞ്ചായത്തംഗം ജയന്തി ബിജുവിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നായയുടെ ജഡം തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെയും അസിസ്റ്റന്റ് സെക്രട്ടറി വി ആർ ബിന്ദുമോന്റെയും
നേതൃത്വത്തിൽ പോസ്റ്റ് മോർട്ടത്തിന് എത്തിച്ചു . പോസ്റ്റ്മോർട്ടത്തിൽ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചാന്നാനിക്കാട് , പൂവൻ തുരുത്ത് ,കൊല്ലാട് പ്രദേശങ്ങളിൽ നായയുടെ സഞ്ചാരപാതയിൽ വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ഇവയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കി ജാഗ്രത പുലർത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും അറിയിച്ചു.