കോട്ടയം: പനമ്പാലത്ത് റോഡരികിൽ നിർത്തിയിട്ട ബസിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എസ്എച്ച് മൗണ്ട് സ്വദേശിയായ യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു അപകടം. കുടമാളൂർ ഭാഗത്തു നിന്നും എസ്എച്ച് മൗണ്ട് ഭാഗത്തേയ്ക്കു വരികയായിരുന്നു യുവാവ്. ഈ സമയം പനമ്പാലം ഭാഗത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിൽ ഇയാളുടെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തിലാണ് യുവാവ് ബൈക്കിൽ എത്തിയതെന്നു നാട്ടുകാർ ആരോപിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയാണ് ഗതാഗത തടസം പുനസ്ഥാപിച്ചത്.