കോട്ടയം: കോട്ടയം പന്നിമറ്റത്ത് കാൻസർ രോഗിയായ വീട്ടമ്മയെ ഇടിച്ചു വീഴിത്തിയ മിനി ലോറി ജീവനക്കാർ ഇവരെ ആശുപത്രിയിലാക്കാതെ മുങ്ങി. രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി നടക്കാനിറങ്ങിയ വീട്ടമ്മയെയാണ് മിനി ലോറി ഇടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പോലും എത്തിക്കാൻ തയ്യാറാകാതെയാണ് മുങ്ങിയത്. ഇതോടെ പതിനഞ്ചു മിനിറ്റോളം മറ്റൊരു വാഹനം കിട്ടാതെ റോഡിൽ കിടന്ന ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ കാൻസറിനു ചികിത്സ തേടുന്ന പള്ളം കൊന്നയിൽ മേരിക്കുട്ടി രാജുവി(58)നെയാണ് മിനി ലോറി ഇടിച്ചു വീഴ്ത്തിയത്.
പന്നിമറ്റം സ്വദേശിയായ ഇവർ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി റോഡിലൂടെ നടക്കുകയായിരുന്നു. ഈ സമയത്താണ് പന്നിമറ്റം ഭാഗത്തെ ചെറുശേരിക്കളം മാറ്റ് കമ്പനിയുടെ വാഹനം സ്ഥലത്ത് എത്തിയത്. ഈ വാഹനം ഇവരെ ഇടിച്ചു വീഴ്ത്തി. അപകട വിവരം അറിഞ്ഞ് ലോറിയിൽ നിന്നും ജീവനക്കാർ പുറത്തിറങ്ങി. എന്നാൽ, ഇവരെ പരിക്കേറ്റ് റോഡിൽ കിടന്ന മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടിയെങ്കിലും തങ്ങൾക്ക് എയർപോർട്ടിലേയ്ക്കു പോകണമെന്ന് അറിയിച്ച മിനി ലോറിയുടെ ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്നു രക്ഷപെട്ടു. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ സ്ഥലത്തു നിന്നും ആദ്യം പള്ളം ബുക്കാന ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മേരിക്കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ ഇവരെ ഇവിടെ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ചെറുശേരിക്കളം മാറ്റ് കമ്പനി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.