കോട്ടയം: പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപൻ കുറ്റക്കാരനെന്ന് കോടതി. താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി പോക്‌സോ ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിയെ ഇയാൾ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാർ സംഭവത്തിൽ കേസെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലാണ് ഇപ്പോൾ പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പോൾ കെ.എബ്രഹാം ഹാജരായി.
പാറപ്പാടം പോക്‌സോ കേസ്: പ്രതിയായ അധ്യാപകൻ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ; കുറ്റക്കാരനെന്ന് കണ്ടെത്തിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ
