കോട്ടയം: പാറമ്പുഴ പെരിങ്ങള്ളൂരിൽ തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ ഒരു വീടിന്റെ മുറ്റം കേന്ദ്രീകരിച്ച് 15 ഓളം നായ്ക്കളുണ്ടെന്നും ഈ നായ്ക്കളാണ് അപകടകാരികളായി മാറിയിരിക്കുന്നതെന്നുമാണ് വിമർശനം ഉയരുന്നത്. പ്രദേശത്ത് എത്തുന്ന ആളുകളെ നായ ആക്രമിക്കുന്നതും ഭീതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പെരിങ്ങള്ളൂർ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് നായ്ക്കളെ വളർത്തുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മണപ്പാട്ട് അഭിലാഷും കുടുംബവുമാണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് കൂടി കാൽനടയായി എത്തുന്ന ആളുകളെ അടക്കം നായ ആക്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പതിനഞ്ചോളം നായ്ക്കളാണ് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി നടന്നു പോയ രണ്ടു പേരെ നായ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ നായ ശല്യം ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാൽ, നായകളെ തങ്ങൾ വളർത്തുന്നതല്ലെന്നും നായയ്ക്ക് ഭക്ഷണം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും കുടുംബം പറയുന്നു. പഞ്ചായത്ത് അധികൃതരും പൊലീസും വിഷയത്തിൽ ഇടപെട്ട് നടപടിയെടുക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂരിൽ തെരുവുനായ ശല്യം അതിരൂക്ഷം; നാട്ടുകാരെ ആക്രമിക്കുന്നത് സ്വകാര്യ വ്യക്തി ഭക്ഷണം നൽകുന്ന നായക്കൾ എന്ന് ആരോപണം; തങ്ങൾ വളർത്തുന്ന നായക്കളല്ലെന്ന മറുപടിയുമായി കുടുംബം
