കോട്ടയം: നഗരത്തിലെയും പരിസരപ്രദേശത്തെയും പൊറോട്ട തട്ടിപ്പ് കേസിലെ പ്രതിയെന്നു സംശയിക്കുന്നയളുടെ വീഡിയോ പുറത്തു വിട്ടു. പ്രദേശത്തെ കടകളിൽ കയറി പണം തട്ടിയെടുത്ത കേസിലെ പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ വീഡിയോയാണ് പുറത്തു വന്നത്. കോട്ടയം നഗരത്തിലെയും പരിസര പ്രദേശത്തെയും പത്തോളം കടകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചുങ്കം പാലത്തിനു സമീപത്തെ താജ് ഹോട്ടലിൽ തട്ടിപ്പിനായി എത്തിയതോടെയാണ് ഇയാളുടെ തട്ടിപ്പ് പൊളിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ താജ് ഹോട്ടലിൽ എത്തിയ തട്ടിപ്പുകാരൻ , 140 പൊറോട്ടയും 40 ബീഫും ഓർഡർ ചെയ്തു. ഭക്ഷണം പാചകം ചെയ്യാൻ ഒരു മണിക്കൂറിലേറെ സമയം വേണ്ടി വരുമെന്ന് ഹോട്ടലുടമ അറിയിച്ചു. ഇതോടെ താൻ അൽപസമയത്തിനുശേഷം മടങ്ങിയെത്താമെന്നായി തട്ടിപ്പുകാരൻ. ഇവിടെ നിന്നും പോയ തട്ടിപ്പുകാരൻ 20 മിനിറ്റിനു ശേഷം വീണ്ടും മടങ്ങിയെത്തി. പൊറോട്ടക്കും ബീഫിനും പിന്നാലെ 30 ഊണും ഫ്രൈയും കൂടി ഇയാൾ പാഴ്സൽ ആയി ആവശ്യപ്പെട്ടു. ഇത് ഓർഡർ ചെയ്തശേഷം പുറത്തേക്ക് ഇറങ്ങിയ തട്ടിപ്പുകാരൻ , ഇയാൾ എത്തിയ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും ഹോട്ടലിൽ നൽകാൻ എന്ന വ്യാജേനെ 2000 രൂപയും വാങ്ങി കടന്നു കളയുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷവും യുവാവിനെ കാണാതെ വന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർ ഹോട്ടലിനുള്ളിൽ കയറി പരിശോധന നടത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തിറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ വൻ കഥകളാണ് പുറത്തുവന്നത്. കുടയം പടിയിലെ ഇറച്ചി കടയിൽ എത്തിയ തട്ടിപ്പുകാരൻ ഇവിടെ 45 കിലോ ബീഫാണ് ഓർഡർ ചെയ്തത്. ബീഫ് വെട്ടി നുറുക്കാൻ കാത്ത് നിൽക്കുന്നതിനിടെ ഇവിടെ ആകെയുണ്ടായിരുന്ന 750 രൂപ കടമായി വാങ്ങിയ പ്രതി സ്ഥലം വിട്ടു. ബീഫ് തയ്യാറാക്കി ഒരു മണിക്കൂറോളം കാത്ത് നിന്നിട്ടും ആവശ്യപ്പെട്ടയാൾ എത്താതെ വന്നതോടെയാണ് കട ഉടമയ്ക്ക് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്.
കുടയംപടിയിൽ തന്നെ പ്രവർത്തിക്കുന്ന മീൻ കടയിൽ എത്തി 25 കിലോ തള ഓർഡർ ചെയ്തു. ഈ തള തയ്യാറാകുന്നതിനിടെ തട്ടിപ്പുകാരൻ കടയിൽ നിന്നും 1000 രൂപയും വാങ്ങി സ്ഥലം വിട്ടു. രണ്ടുദിവസം മുമ്പ് കോട്ടയം നഗര മധ്യത്തിലെ മെത്ത കടയിൽ എത്തിയ തട്ടിപ്പുകാരൻ , മെത്ത ഓർഡർ ചെയ്തു ലോറിയിൽ ലോഡ് നിറച്ച ശേഷം ഇവിടെ നിന്നും 2000 രൂപയും വാങ്ങി മുങ്ങിയിരുന്നു.
ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമായതോടെയാണ് ഈ കടകളിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിച്ച തട്ടിപ്പിന് ഇരയായവർ പ്രതിയായ ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.